മറാത്തകള്‍ ബിജെപിയെ കൈവിടും, മറാത്ത്‌വാഡയില്‍ മുന്‍തൂക്കം എംവിഎയ്ക്ക്; ഷിന്‍ഡെയ്ക്ക് പ്രതീക്ഷ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും, കോണ്‍ഗ്രസിന്റെ മഹാവികാസ് അഗാഡിക്കും വെല്ലുവിളിയായി മറാത്ത സംവരണ വിഷയം. ഇരുമുന്നണികള്‍ക്കും ഇത്തവണ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഓരോ മണ്ഡലത്തിലെയും പ്രകടനങ്ങള്‍ അതുകൊണ്ട് നിര്‍ണായകമാകും.
മറാത്ത്‌വാഡയിലെ മത്സരങ്ങള്‍ ഇത്തവണ കടുപ്പമാകുമെന്നാണ് വിലയിരുത്തല്‍. തീര്‍ത്തും അപ്രവചനീയമാണ് ഇവിടെ രാഷ്ട്രീയ സാഹചര്യം. മറാത്ത സംവരണം ഇരുമുന്നണികള്‍ക്കും ഒരുപോലെ വെല്ലുവിളിയാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ കാര്യങ്ങള്‍ എംവിഎയ്ക്ക് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ അഭിപ്രായപ്പെടുന്നത്.

കര്‍ഷക പ്രശ്‌നങ്ങള്‍. തൊഴിലവസരങ്ങളുടെ കുറവ്, കേന്ദ്രീകൃത വ്യവസായവത്കരണം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം മറാത്ത്‌വാഡയിലെ പൊള്ളുന്ന പ്രശ്‌നങ്ങളാണ്. സംബാജിനഗറില്‍ മാത്രമായി വ്യവസായവത്കരണം ഒതുങ്ങുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ രോഷം ശക്തമാണ്.
2023 സെപ്റ്റംബറില്‍ മറാത്ത ആക്ടിവിസ്റ്റ് മനോജ് ജരംഗെ പാട്ടീലിനെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് മറാത്ത്‌വാഡയിലെ ഏറ്റവും തീവ്ര വിഷയമാക്കി മാറ്റിയിരിക്കുകയാണ്.മറാത്ത സംവരണം മഹായുതി സഖ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ക്കാന്‍ കാരണമായതും ഇക്കാര്യമാണ്. ബിജെപിക്ക് ഇതുവരെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. അതുകൊണ്ട് പാട്ടീല്‍ അടക്കമുള്ളവര്‍ എന്‍ഡിഎയ്‌ക്കെതിരെയാണ്.
ജല്‍ന മുതല്‍ ബീഡ് വരെ മറാത്ത സംവരണമാണ് പ്രധാന വിഷയം. ഗ്രാമീണ മേഖലയില്‍ മറ്റെല്ലാം പ്രശ്‌നങ്ങളും മറാത്ത സംവരണ വിഷയത്തില്‍ മുങ്ങിപ്പോയിരിക്കുകയാണ്. പാട്ടീല്‍ എന്താണോ പറയുന്നത് അത് പിന്തുടരാന്‍ മറാത്ത വിഭാഗം തയ്യാറാണ്.
സോയബിന്‍-പരുത്ത് കര്‍ഷകര്‍ ജല്‍ന-ബീഡ് മേഖലയില്‍ വലിയ ദുരിതത്തിലാണ്. ഇവര്‍ പറയുന്നത് മഹായുതി സഖ്യം അധികാരത്തില്‍ നിന്ന് പുറത്തുപോവണമെന്നാണ്. കര്‍ഷകര്‍ക്കായി മഹായുതി ഒന്നും ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് പോലും മറാത്ത സംവരണമാണ് പ്രധാന വിഷയം. മറാത്ത്‌വാഡ മേഖലയിലെ കര്‍ഷകരില്‍ നല്ലൊരു ഭാഗവും മറാത്തകളാണ്. ഇവര്‍ പാട്ടീല്‍ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട് ചെയ്യും.
അതേസമയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ചിലപ്പോള്‍ ഇത് ഗുണം ചെയ്‌തേക്കും. പാട്ടീലുമായി അടുപ്പമുള്ള നേതാവും, മറാത്തയുമാണ് ഷിന്‍ഡെ. എന്നാല്‍ ബിജെപി വന്‍ തിരിച്ചടി നേരിട്ടേക്കും. ബിജെപി ഈ മേഖലയിലെ 46 സീറ്റില്‍ 20 എണ്ണത്തില്‍ മത്സരിക്കുന്നുണ്ട്. ഷിന്‍ഡെ പക്ഷം 16 സീറ്റിലാണ് മത്സരിക്കുന്നത്.
അതേസമയം മറാത്ത്‌വാഡയില്‍ 15 ശതമാനം മുസ്ലീങ്ങളുമുണ്ട്. ഇവരും ബിജെപിക്കെതിരാണ്. മറാത്ത-മുസ്ലീം കോമ്പിനേഷനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹായുതിയെ പരാജയപ്പെടുത്തിയത്. മേഖലയിലെ എട്ടില്‍ ഏഴ് സീറ്റും എംവിഎ നേടിയിരുന്നു. സില്ലോഡ്, ഔറംഗബാദ് ഈസ്റ്റ്, ബീഡ്, പറന്ത, ഉദ്ഗിരി, ഭോക്കര്‍, ലാത്തൂര്‍ സിറ്റി എന്നിവയാണ് ഇവിടെ നിര്‍ണായക മണ്ഡലങ്ങള്‍. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും എംവിഎ ഈ വോട്ടുകളെ ഏകീകരിച്ചാല്‍ മാത്രമേ അധികാരത്തിലെത്തൂ.












Click it and Unblock the Notifications