ശിവസേനയിൽ ആരാണ് ശരി? തിരഞ്ഞെടുപ്പ് ഫലം കൊണ്ട് മറുപടി പറഞ്ഞ് ഷിൻഡെ, ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റ്
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം ആരും മറന്ന് കാണില്ല, മഹാരാഷ്ട്രയിൽ പ്രത്യേകിച്ചും മഹായുതി സഖ്യത്തിന്റെ നേരെ ഒരുപാട് ചോദ്യങ്ങൾ ഉയർന്ന സമയമായിരുന്നു അത്. കൃത്യം ആറ് മാസങ്ങൾക്ക് ഇപ്പുറം ആ ചോദ്യങ്ങളെ ഒന്നാകെ കാറ്റിൽ പറത്തുന്ന തിരഞ്ഞെടുപ്പ് വിജയവുമായി സഖ്യം വീണ്ടും അധികാര കസേരയിലേക്ക് നടന്നുകയറുമ്പോൾ കാലങ്ങളായി നിലനിന്നിരുന്ന ചില ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ലഭിക്കുന്നത്.
നേരത്തെ ശിവസേനയിൽ നിന്ന് വിമതനീക്കം നടത്തി പാർട്ടി വിട്ട ശേഷം രണ്ട ഘടകങ്ങളായി പ്രവർത്തിക്കുന്ന ഏക്‌നാഥ് ഷിൻഡെയുടെയും ഉദ്ധവ് തക്കറയുടെയും നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ആരാണ് ബാൽ താക്കറെയുടെ പിൻഗാമി എന്നതാണ്. ഒരുപക്ഷേ അതിനുള്ള ഉത്തരമാണ് ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന ഘടകം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകുന്നത്.

ഇത്തവണ ഷിൻഡെയുടെ മുന്നേറ്റം പ്രവചനങ്ങൾക്ക് അതീതമായിരുന്നു. അത് ഇത്രയും വലിയ കുതിപ്പിലേക്ക് നയിക്കുമെന്ന് എതിരാളികൾ മാത്രമല്ല അണികൾ പോലും ചിന്തിച്ചു കാണില്ല. ഒരു മാസം മുൻപാണ് ഏക്‌നാഥ് ഷിൻഡെയുടെ വാഹനവ്യൂഹം തടഞ്ഞ് ഒരാൾ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിച്ചത്. അന്ന് ഷിൻഡെയെ പരിഹസിച്ചവരും മുറിവിൽ ഉപ്പ് തേക്കാൻ ശ്രമിച്ചവരും ഇന്ന് ഷിൻഡെയുടെ ജയം അംഗീകരിക്കുന്നു.
മത്സരിച്ച 81 സീറ്റിൽ 56 എണ്ണത്തിലും ലീഡുമായി മുന്നേറുകയാണ് ഏക്‌നാഥ് ഷിൻഡെയുടെ പാർട്ടി. 69 ശതമാനം സ്‌ട്രൈക്ക് റേറ്റ് അവകാശപ്പെടാൻ കഴിയുന്ന നേട്ടമാണത്. ഈ നേട്ടം തന്നെയാണ് ഏതാണ് ശരിക്കുമുള്ള ശിവസേന എന്ന ചോദ്യത്തിന്റെ ഉത്തരമെന്ന് ഷിൻഡെ അനുയായികൾ ഒട്ടും മടിയില്ലാതെ തന്നെ പറയും.
കാരണം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് മത്സരിച്ച 95 സീറ്റുകളിൽ 23 എണ്ണത്തിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞത്. അവരുടെ സ്ട്രൈക്ക് റേറ്റ് ആവട്ടെ 24 ശതമാനം എന്ന നിലയിലാണ്. മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളും തോൽക്കുക എന്ന മോശം അവസ്ഥയിലേക്കാണ് ഉദ്ധവും കൂട്ടരും എത്തിയിരിക്കുന്നത്. ഇതോടെ തുടർച്ചയായ രണ്ടാം ടേമിലും ഭരണമില്ലാതെ പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടും ഉദ്ധവിനെ തേടിയെത്തുകയാണ്.
നേരത്തെ ലോക്‌സഭയിലും ഷിൻഡെ വിഭാഗം ഇത്തരത്തിൽ മികച്ച സ്ട്രൈക്ക് റേറ്റോടെ തന്നെ സീറ്റുകൾ പിടിച്ചെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോഴത്തെ ഫലം എന്തായാലും ഷിൻഡെക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ല. നിരന്തരം തിരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം കാഴ്‌ച വയ്ക്കുന്ന ബാൽതാക്കറെയുടെ മകൻ ഉദ്ധവിനെക്കാൾ എന്തുകൊണ്ടും ശിവസേനയുടെ മുഖമാവാൻ യോഗ്യൻ താൻ ആണെന്ന് പറയാതെ പറയുകയാണ് ഏക്‌നാഥ് ഷിൻഡെ.












Click it and Unblock the Notifications