മഹാരാഷ്ട്രയുടെ പ്രതാപം എന്‍ഡിഎ നശിപ്പിച്ചു, ലോക്‌സഭാ ഫലം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം ശക്തമാക്കി മഹാവികാസ് അഗാഡി സഖ്യം. എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് മാറ്റം വേണമെന്നുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. മുംബൈയില്‍ ഇന്ന് മഹാവികാസ് അഗാഡി നേതാക്കള്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പവാര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്.

മഹാരാഷ്ട്ര ഒരിക്കല്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭരണത്തിന് പേരുകേട്ടതായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ നോക്കൂ, മഹായുതി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തിന്റെ പ്രതാപം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പവാര്‍ ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ ജനവിരുദ്ധമാണ്. ജനങ്ങളെ അവരില്‍ നിന്ന് മോചിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പവാര്‍ പറഞ്ഞു.
മഹാവികാസ് അഗാഡി സഖ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അതേ ഫലം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പവാര്‍ പറഞ്ഞു. ബിജെപി സഖ്യം സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങളെ അടക്കം ഒപ്പം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അഗാഡി സഖ്യം പ്രചാരണം നേരത്തെ ആരംഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഹരിയാനയില്‍ 0.6 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണ് ഉള്ളതെന്ന് ശിവസേന യുബിടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. കണക്കുകള്‍ ഇങ്ങനെയായിട്ടും ബിജെപി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ എന്തുകൊണ്ട് ജമ്മു കശ്മീരിലെ ഫലത്തെ കുറിച്ച് ആരും ചര്‍ച്ച ചെയ്യാത്തത്? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ബിജെപി സംസ്ഥാന തൂത്തുവാരിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബഞ്ചാര വിഭാഗത്തിനായി ഒന്നും ചെയ്തിട്ടില്ല കോണ്‍ഗ്രസെന്ന് മോദി നുണ പറഞ്ഞു. വസന്ത്‌റാവു നായിക്കിനെ കുറിച്ച് അദ്ദേഹം മറന്നു. നായിക്ക് ബഞ്ചാര വിഭാഗക്കാരനായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും വസന്ത്‌റാവു നായിക്കായിരുന്നുവെന്നും പവാര്‍ പറഞ്ഞു.
ഔദ്യോഗിക പരിപാടികള്‍ക്ക് വരുന്ന പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗങ്ങളാണ് നടത്തുന്നത്. അത്തരമൊരു പ്രധാനമന്ത്രിയെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പടോലെ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ സാധാരണക്കാരെ പരിഹസിക്കുന്നതാണ്. മഹാരാഷ്ട്രയുടെ പ്രതാപം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്‍ഡിഎയില്‍ നിന്ന് മഹാരാഷ്ട്രയെ മോചിപ്പിക്കേണ്ടതുണ്ട്. ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും പവാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഓരോ നടപടിയും സംശയം ജനിപ്പിക്കുന്നതാണ്. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലെ അറസ്റ്റും, അക്ഷയ് ഷിന്‍ഡെ ഷൂട്ടൗട്ടുമെല്ലാം സംശയാസ്പദമാണ്. മുംബൈയില്‍ രണ്ട് പോലീസ് കമ്മീഷണര്‍മാരുണ്ട്. എന്നിട്ടും കുറ്റകൃത്യ നിരക്ക് വര്‍ധിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആദ്യം മഹായുതി പ്രഖ്യാപിക്കട്ടെ, അതിന് പിന്നാലെ എംവിഎ പ്രഖ്യാപിക്കുമെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications