ഇനിയൊരു ഒത്തുതീര്‍പ്പുമില്ല, ഹൈക്കമാന്‍ഡ് വന്നാലും വഴങ്ങില്ല; കോണ്‍ഗ്രസിനോട് നോ പറഞ്ഞ് മമത
ന്യൂഡല്‍ഹി: മമത ബാനര്‍ജി കോണ്‍ഗ്രസുമായി അനുനയത്തിലെത്താനുള്ള സാധ്യത ഇല്ലാതാവുന്നു. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റില്ലെന്ന് സൂചന. ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് അടക്കം കോണ്‍ഗ്രസ് തന്നെ അറിയിച്ചില്ലെന്നാണ് മമതയുടെ പരാതി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബംഗാളിലേക്കാണ് പ്രവേശിക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച തന്നെയുണ്ടായെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മമതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം നടത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളൊന്നും മമതയെ ചൊടിപ്പിക്കുന്ന പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. മമതയും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക ഭാഗമാണെന്ന് ജയറാം രമേശ്, രാഹുല്‍ ഗാന്ധി എന്നിവരെല്ലാം പരസ്യമായി പറയുകയും ചെയ്തു. തൃണമൂല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം താന്‍ നടത്തിയ വിദേശി പരാമര്‍ശത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി ക്ഷമാപണവും നടത്തിയതോടെ പ്രശ്‌നങ്ങള്‍ക്ക് അവസാനമായതായും കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യ കാര്യത്തില്‍ മമത അന്തിമ തീരുമാനം എടുത്തിട്ടില്ല. രണ്ട് സീറ്റില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനും മമതയ്ക്ക് താല്‍പര്യമില്ല.
രാഹുല്‍ മുതല്‍ ജയറാം രമേശ് വരെയുള്ളവര്‍ മാധ്യമങ്ങള്‍ വഴി മമതയുമായി അനുനയം പ്രഖ്യാപിച്ചെങ്കിലും, മമത വഴങ്ങിയിട്ടില്ല. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അവര്‍ വിസമ്മതിച്ചിരിക്കുകയാണ്. മമത സഖ്യ കാര്യം തീര്‍ത്തും ഉപേക്ഷിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വേണ്ട ഒരുക്കങ്ങളുമായി മുന്നോട്ട് പോകാന്‍ തൃണമൂലിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.
അതുകൊണ്ട് കോണ്‍ഗ്രസുമായുള്ള സഖ്യ കാര്യത്തില്‍ പുനപ്പരിശോധനയുണ്ടാവില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെ സഖ്യം അവസാനിച്ചതാണെന്നും തൃണമൂല്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. വെള്ളിയാഴ്ച്ചാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മമതയുമായി സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഖാര്‍ഗെയുമായി സംസാരിച്ചിട്ടില്ലെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം മമതയ്ക്ക് അപകടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ചതെന്നാണ് സൂചന. സോണിയാ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മമതയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് മെസേജ് അയച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് തൃണമൂല്‍ നേതാക്കള്‍ നല്‍കുന്ന സൂചന.
മൂന്ന് സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളാണ് ചോദിച്ചത്. ഇതാണ് മമതയെ ചൊടിപ്പിച്ചത്. അതേസമയം നിതീഷ് കുമാര്‍ കൂറുമാറും എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ കണ്‍വീനറാക്കുന്നത് മമത എതിര്‍ത്തതെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications