'മദര്‍ തെരേസയുടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചു'... നടുക്കമെന്ന് മമത
കൊല്‍ക്കത്ത: മദര്‍ തെരേസയുടെ ലോക പ്രശസ്തമായ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ക്രിസ്മസ് ദിനത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞതെന്ന് മമത ബാനര്‍ജി പറയുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് അറിഞ്ഞില്ലെന്നും എല്ലാ ഇടപാടുകളും സുഗമമായി നടക്കുന്നുണ്ടെന്നും മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പ്രതികരിച്ചു. ഇതോടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു എന്നാണ് മമത ബാനര്‍ജി പറഞ്ഞത്. ചാരിറ്റിയിലെ 22000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നും ലഭിക്കാതെ പ്രയാസത്തിലാകുന്ന നടപടിയാണിതെന്നും മമത പറഞ്ഞു. ഈ ക്രിസ്മസ് ദിനത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്. സന്നദ്ധ സേവന മേഖല ഒരിക്കലും നിലയ്ക്കരുതെന്നും മമത പറഞ്ഞു.
അതേസമയം, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന വിവരം അറിയില്ലെന്ന് ചാരിറ്റി വക്താവ് സുനിത കുമാര്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എനിക്ക് ഇക്കാര്യം അറിയിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാര്‍ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഈ മാസം ആദ്യത്തില്‍ ഗുജറാത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ പോലീസ് നടപടി തുടങ്ങിയെന്ന് എഎഫ്പി വാര്‍ത്ത നല്‍കിയിരുന്നു. അഗതി മന്ദിരത്തിലെ പെണ്‍കുട്ടികളോട് കുരിശുമാല ധരിക്കാനും ബൈബിള്‍ വായിക്കാനും നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് ഗുജറാത്ത് പോലീസ് അന്വേഷിക്കുന്നതത്രെ. ശിശു ക്ഷേമ സിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മായങ്ക് ത്രിവേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. 13 പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ബൈബിള്‍ വായിച്ചുവെന്നാണ് പരാതി.
പുതിയ പരിഷ്കാരങ്ങളുമായി താലിബാന്; ആശങ്ക പരക്കുന്നു... എല്ലാം അനാവശ്യം, മന്ത്രാലയം പിരിച്ചുവിട്ടു
1950ലാണ് മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത്. കൊല്‍ക്കത്തയില്‍ ജീവിച്ചിരുന്ന കന്യാസ്ത്രീ ആയിരുന്നു മദര്‍ തെരേസ. സന്നദ്ധ സേവന രംഗത്ത് ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരും പ്രകീര്‍ത്തിച്ചിരുന്നു. സമാധാന പുരസ്‌കാരം നേടിയ വ്യക്തിയുമാണ്. ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതര്‍ പ്രതികരിച്ചു. മതംമാറ്റ ശ്രമം എന്ന ആരോപണം ഫാദര്‍ ഡൊമിനിക് ഗോമസ് നിഷേധിക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ദരിദ്രരായ ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ക്രൂരമായ സമ്മാനമാണ് എന്ന് ഫാദര്‍ ഗോമസ് പ്രതികരിച്ചു. ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടക്കുന്ന പുതിയ ആക്രമണമാണിത്. സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ മതംമാറ്റത്തിന് ശ്രമിക്കുന്നു എന്നത് യുക്തിയില്ലാത്ത വാദമാണ്. മിഷനറി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഇന്ത്യയിലുണ്ട്. എന്നിട്ടും രാജ്യത്ത് ന്യൂനപക്ഷമായി ക്രൈസ്തവര്‍ തുടരുന്നു എന്നും ഫാദര്‍ ഗോമസ് പറഞ്ഞു.