കോണ്‍ഗ്രസ് പക്ഷത്തേക്ക് ആസാദ്? മായാവതി ബിജെപിക്ക് മുമ്പില്‍... ഉത്തര്‍ പ്രദേശില്‍ ചിത്രം തെളിയുന്നു
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ദളിത് പാര്‍ട്ടികളുടെ നിലപാടിലെ വൈരുദ്ധ്യം ചര്‍ച്ചയാകുന്നു. മതേതര സഖ്യത്തിലേക്ക് കണ്ണുവെക്കുകയാണ് പ്രമുഖ ദളിത് യുവ നേതാവ് ചന്ദ്രശേഖര്‍ ആസാദ്. എന്നാല്‍ ബിജെപി പക്ഷത്തിന് വാതില്‍ തുറന്നുകൊടുക്കാനാണ് മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ നീക്കം. വിവിധ ചേരികള്‍ രൂപപ്പെടുമ്പോള്‍ സമാന ചിന്താഗതിക്കാരായ നേതാക്കള്‍ ഒരുമിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
നിലവിലെ സാഹചര്യത്തില്‍ എല്ലാവരും വിരുദ്ധ അഭിപ്രായം പ്രകടിപ്പിക്കുന്നു. ചില ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിയുമായി സഹകരിക്കാമെന്ന നിലപാട് ഒരു വിഭാഗം ദളിത് നേതാക്കള്‍ പ്രകടിപ്പിച്ചു. എന്നാല്‍ എന്തുവന്നാലും ബിജെപിയുമായി കൂട്ടില്ലെന്നാണ് ആസാദ് പറയുന്നത്. യുപിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

ഒറ്റയ്ക്ക് ഭരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ മായാവതിക്ക് ശേഷിയില്ല. അവരുടെ ബിഎസ്പി ആകട്ടെ ശോഷിച്ചിരിക്കുന്നു. ഒട്ടേറെ ബിഎസ്പി നേതാക്കള്‍ എസ്പിയിലേക്കും ബിജെപിയിലേക്കും ചേക്കേറി. പല പ്രമുഖരായ നേതാക്കളെ പുറത്താക്കിയ മായാവതിയുടെ നടപടി അഹങ്കാരമാണ് എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

മായാവതിയെ ബിജെപിയുമായി അടുപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചില സംഘപരിവാര്‍ ബന്ധമുള്ള യുപിയിലെ എഴുത്തുകാര്‍ ആവശ്യപ്പെട്ടിരുന്നു. മായാവതിക്ക് യുപി രാഷ്ട്രീയത്തിലുള്ള സ്വാധീനം പൂര്‍ണമായി നഷ്ടമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരെ കൂടെ നിര്‍ത്തി ദലിത് വോട്ടുകള്‍ പൂര്‍ണമായി ബിജെപിയുടെ പെട്ടിയില്‍ എത്തിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മായാവതിക്ക് സുപ്രധാന പദവി നല്‍കി ബിജെപി കൂടെ നിര്‍ത്തണമെന്നാണ് ഉയരുന്ന ആവശ്യം. വേണ്ടി വന്നാല്‍ അവരെ രാഷ്ട്രപതിയാക്കണം. ദളിത് വനിത രാജ്യത്തിന്റെ തലപ്പത്ത് എത്തുന്നത് ബിജെപിക്ക് നേട്ടമാകും. അതുവഴി മായാവതിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുമെന്നും അവരെ പിന്തുണയ്ക്കുന്നവര്‍ ബിജെപി ക്യാമ്പിലേക്ക് എത്തുമെന്നും ഇത്തരം നിര്‍ദേശം മുന്നോട്ട് വെക്കുന്നവര്‍ കണക്കുകൂട്ടുന്നു.

മായാവതി പുതിയ ആവശ്യമാണ് ബിജെപിക്ക് മുമ്പില്‍ വച്ചിരിക്കുന്നത്. ഒബിസി ജാതിക്കാരുടെ സെന്‍സസ് നടത്തണം എന്നാണ് മായാവതിയുടെ പുതിയ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ ബിഎസ്പി പിന്തുണ നല്‍കുമെന്നും മായാവതി പറയുന്നു. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ബിഎസ്പിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കുമെന്നാണ് മായാവതി പറയുന്നത്. യുപിയില്‍ എന്തുവില കൊടുത്തും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഈ സാഹചര്യത്തില്‍ മായാവതിയുടെ ആവശ്യം നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന ചോദ്യമാണ് ഇനി ബാക്കി.

നീറ്റ് പരീക്ഷയില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ ആലോചന. പിന്നാക്കാ വിഭാഗത്തെയും ഉന്നത ജാതിക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനമാണ് നീറ്റ് സംവരണ വിഷയത്തില്‍ കേന്ദ്രം നടത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ 54 ശതമാനം പിന്നാക്ക ജാതിക്കാരാണ് എന്നാണ് സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ പഠനത്തില്‍ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം മുസ്ലിങ്ങളാണ്. അതേസമയം, കുര്‍മി, ലോധ്, മൗര്യ വിഭാഗം ബിജെപിയുമായി അടുത്തു നില്‍ക്കുന്ന ജാതികളാണ്. സമീപകാലത്തായി യാദവരുടെ വോട്ടുകളും ബിജെപിക്ക് ലഭിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് സംവരണ വിഷയം അഖിലേഷ് യാദവും സമാജ്‌വാദി പാര്‍ട്ടിയും സജീവ വിഷയമാക്കുന്നത്.

അതേസമയം, ദളിതുകള്‍ക്കിടയില്‍ മായാവതിയുടെ സ്വാധീനം കുറഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. പകരം യുവ നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയിലേക്ക് പുതു തലമുറയില്‍പ്പെട്ടവര്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖര്‍ ആസാദ് സ്വീകരിക്കുന്ന നിലപാടും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാണ്.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

ഭീം ആര്‍മി 403 സീറ്റിലും മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. തനിക്ക് മുഖ്യമന്ത്രി പദവി ലക്ഷ്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്നും ആസാദ് വ്യക്തമാക്കി. സമാന നിലപാടുള്ള പാര്‍ട്ടികളുമായി സഖ്യം ചേരുമെന്ന് ആസാദ് പറഞ്ഞു. ദളിതുകള്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഏറെ സഹിച്ചുവെന്നും ആസാദ് പറഞ്ഞു.

എല്ലാ വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ദളിതുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ദളിതുകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കും. ആരുമായും ചര്‍ച്ചയ്ക്കും സഖ്യത്തിനും തയ്യാറാണ്. ബിജെപിയെ പുറത്താക്കണമെന്ന് മാത്രമാണ് ലക്ഷ്യമെന്നും ആസാദ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭീം ആര്‍മിയുമായി സഖ്യസാധ്യത ആരായുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണം ആസാദിന്റെ പ്രതികരണം.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്. വ്യത്യസ്തമായ വഴിയാണ് അഖിലേഷ് സ്വീകരിക്കുന്നത്. ഇത്തവണ പ്രബല പാര്‍ട്ടികളുമായി സഖ്യമില്ലെന്നാണ് എസ്പിയുടെ പ്രഖ്യാപനം. ചെറുപാര്‍ട്ടികളുമായി സഖ്യം തേടുന്നുണ്ട്. എസ്പി 350ലധികം സീറ്റുകള്‍ നേടി യുപിയുടെ ഭരണം തിരിച്ചുപിടിക്കുമെന്ന് അഖിലേഷ് അവകാശപ്പെടുന്നു.

ഉത്തര്‍ പ്രദേശില്‍ എല്ലാ പാര്‍ട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങികഴിഞ്ഞു. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിവിധ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യ ചര്‍ച്ചകളും നടക്കുകയാണ്. ബിഎസ്പിയും ആരുമായും സഖ്യത്തിനില്ല എന്ന് അറിയിച്ചു. കോണ്‍ഗ്രസ് എസ്പിയുമായി സഖ്യത്തിന് നീക്കം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

ഒവൈസിയടെ മജ്‌ലിസ് പാര്‍ട്ടി യുപിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓം പ്രകാശ് രാജ്ഭാര്‍ നേതൃത്വം നല്‍കുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) യുമായി സഖ്യമുണ്ടാക്കാന്‍ അദ്ദേഹം ധാരണയിലെത്തി. എന്നാല്‍ രാജ്ഭാറിനെ കൂടെ നിര്‍ത്താന്‍ ബിജെപി ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒബിസി മുഖ്യമന്ത്രിയെ നിയോഗിക്കുമെന്ന് ഉറപ്പ് തന്നാല്‍ പിന്തുണയ്്ക്കാമെന്നാണ് രാജ്ഭാര്‍ പറഞ്ഞതത്രെ. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്ന് രാജ്ഭാറിന്റെ മകന്‍ പറഞ്ഞു.












Click it and Unblock the Notifications