മിസോറാമില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനെന്ന് മനോരമ ന്യൂസ് സര്‍വേ
വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ ആര്‍ക്കും ഇത്തവണ ഭൂരിപക്ഷം കിട്ടില്ലെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം സീറ്റുനിലയില്‍ ഉണ്ടാവുമെന്നും സര്‍വേ പ്രവചിക്കുന്നു. 12 മുതല്‍ 16 സീറ്റുകളെ വരെ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് തകര്‍ച്ച നേരിടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
എന്‍ഡിഎയുമായി ചേര്‍ന്നാണ് ഇവര്‍ സംസ്ഥാനം ഭരിക്കുന്നത്. പതിനൊന്ന് മുതല്‍ പതിനഞ്ച് സീറ്റുകള്‍ വരെയാണ് ഇവര്‍ക്ക് സര്‍വേ പ്രവചിക്കുന്നത്. എംഎന്‍എഫിന് കഴിഞ്ഞ തവണ 27 സീറ്റുകള്‍ നേടി അധികാരം പിടിക്കാന്‍ സാധിച്ചിരുന്നു. താരതമ്യേന പുതിയ പാര്‍ട്ടിയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ഇത്തവണ പത്ത് മുതല്‍ 14 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. ഇവരുടെ വോട്ട് വിഹിതത്തിലും വര്‍ധനവുണ്ടാകും. 2018ല്‍ എട്ട് സീറ്റ് നേടിയിരുന്നു സെഡ്പിഎം.അധികാരം നിലനിര്‍ത്താനുള്ള എംഎന്‍എഫ് ശ്രമം ഫലം കാണില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

എംഎന്‍എഫിന് പ്രതികൂലമായി 7.2 സ്വിംഗ് വോട്ടുകളാണ് ഉണ്ടാവുക. പോസിറ്റീവായ കുതിപ്പ് സെഡ്പിഎമ്മിനുണ്ടാവുമെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് അനുകൂലമായി 1.2 ശതമാനത്തിന്റെ നേരിയ ചാഞ്ചാട്ടമാണ് ഉണ്ടാവുക. എംഎന്‍എഫിനാണ് ഇതുകൊണ്ട് നഷ്ടമുണ്ടാവുക. ചെറിയൊരു ചാഞ്ചാട്ടത്തില്‍ പോലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും സര്‍വേ പറയുന്നു.
2018ല്‍ വെറും നാല് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ പക്ഷേ 34 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. നാല്‍പ്പത് സീറ്റുള്ള മിസോറാമില്‍ 21 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഇത് ഒരു പാര്‍ട്ടിക്കും ലഭിക്കില്ല. അതേസമയം എംഎന്‍എഫിന് കഴിഞ്ഞ തവണ 27 സീറ്റുകള്‍ ലഭിച്ചിരുന്നു. മിസോറമില്‍ വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.
അതേസമയം സംസ്ഥാനത്ത് വമ്പന്‍ പ്രചാരണമാണ് കോണ്‍ഗ്രസും എംഎന്‍എഫും നടത്തുന്നത്. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ റാലിയോടെ വലിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രാദേശിക വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയും ഒത്തൊരുമ ഇല്ലായ്മയും കോണ്‍ഗ്രസിനെ വമ്പന്‍ വിജയങ്ങള്‍ നേടുന്നതില്‍ നിന്ന് പിന്നോട്ട് നയിക്കുന്നുണ്ട്.
എംഎന്‍എഫിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവില്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റാണ് അതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത്. കോണ്‍ഗ്രസ് ഇരുപാര്‍ട്ടികളെയും ബിജെപിയുടെ ബി ടീമാണെന്ന പ്രചാരണമാണ് നടത്തുന്നത്. മണിപ്പൂര്‍ വിഷയം കാര്യമായി ഉന്നയിക്കുന്നുമുണ്ട്. പക്ഷേ പ്രാദേശിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയില്ലാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.












Click it and Unblock the Notifications