ബിഹാറിലും രാജസ്ഥാനിലും പാർട്ടിക്ക് പുതിയ അധ്യക്ഷൻമാർ; അഴിച്ചുപണിയുമായി ബിജെപി, വേറെയും മാറ്റങ്ങൾ
ന്യൂഡൽഹി: ബിഹാറിലും രാജസ്ഥാനിലും പുതിയ അധ്യക്ഷൻമാർക്ക് ചുമതല നൽകി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം നടക്കുന്ന സുപ്രധാന മാറ്റങ്ങളിൽ ഒന്നാണിത്. നിലവിലെ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് പകരമായി ദിലീപ് ജയ്‌സ്വാളിനെയാണ് ബിഹാറിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
മറുവശത്ത്, രാജസ്ഥാന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി മദൻ റാത്തോറിനെ നിയമിച്ചു. ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ആയിരുന്നു പ്രഖ്യാപനം. ബിഹാറിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ദിലീപ് ജയ്‌സ്വാൾ നിലവിൽ ബിഹാറിലെ റവന്യൂ ഭൂപരിഷ്‌കരണ മന്ത്രിയായി പ്രവർത്തിച്ചു വരികയാണ്. വൈശ്യ സമുദായത്തിൽപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം.

2009 മുതൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ദിലീപ് ജയ്‌സ്വാൾ ഇപ്പോൾ മൂന്നാം തവണയാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സീമാഞ്ചൽ മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന അദ്ദേഹം ബീഹാർ ബിജെപിയിൽ ദീർഘകാലം ട്രഷറർ സ്ഥാനം വഹിക്കുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ട് വരുന്നത് കൃത്യമായ കണക്ക് കൂട്ടലുകളുമായാണെന്നാണ് വിലയിരുത്തൽ.
രാജ്യസഭാ എംപിയായ മദൻ റാത്തോഡിനെയാണ് രാജസ്ഥാൻ ബിജെപി അധ്യക്ഷനായി നിയമിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ സിപി ജോഷി രാജി സന്നദ്ധത അറിയിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജസ്ഥാനിൽ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ഈ നിർണായക മാറ്റം.
ജുൻജുനു, ദൗസ, ദിയോലി-ഉനിയാര, ഖിൻവ്‌സർ, ചൗരാസി എന്നിവ ഉൾപ്പെടുന്ന സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങൾ പാലിക്കാൻ വേണ്ടിയാണ് സിപി ജോഷിയെ മാറ്റിയതെന്നാണ് വിലയിരുത്തൽ. സിപി ജോഷി കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം, ആറ് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ളരെയും ബിജെപി മാറ്റിയിട്ടുണ്ട്. ഹരീഷ് ദ്വിവേദി (അസം), എംപി അതുല്‍ ഗാര്‍ഗ് (ചണ്ഡീഗഢ്), അരവിന്ദ് മേനോന്‍ (തമിഴ്‌നാട്, ലക്ഷദ്വീപ്), രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ (രാജസ്ഥാന്‍), രാജ്‌ദീപ് റോയ് (ത്രിപുര) എന്നിങ്ങനെയാണ് സംഘടനാ ചുമതലയുള്ളവരുടെ പുതുക്കിയ പട്ടിക.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാനൂറ് സീറ്റുകൾ എന്ന വലിയ ലക്ഷ്യവുമായി മത്സരത്തിന് ഇറങ്ങിയ ബിജെപിക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്നുള്ള മോഹം പാഴാവുകയും ഇന്ത്യ മുന്നണിക്ക് മുന്നിൽ ബിജെപി വിയർക്കുകയും ചെയ്തെങ്കിലും ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ സഹായത്തോടെ വീണ്ടും ബിജെപി അധികാരത്തിലേറുകയായിരുന്നു.












Click it and Unblock the Notifications