അങ്ങേയറ്റത്തെ നിരാശ, ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് മകന്‍; ഇന്ത്യയില്‍ തുടരും
ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിലേക്ക് ഇനി മടങ്ങി വരില്ലെന്ന് മകന്‍ സാജീബ് വാസീദ് ജോയ്. ഹസീന രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ പോവുകയാണെന്ന സൂചനയാണ് മകന്‍ നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഹസീന കടുത്ത നിരാശയിലാണെന്ന് മകന്‍ പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വരെ മാറ്റിമറിച്ചിട്ടും ഈ സംഭവങ്ങളെല്ലാം നടന്നതില്‍ ഹസീന കടുത്ത നിരാശയറിയിച്ചുവെന്നും മകന്‍ പറഞ്ഞു. ബിബിസിയുടെ ന്യൂസ് അവറിലായിരുന്നു മകന്റെ പ്രതികരണം. ഞായറാഴ്ച്ച മുതല്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതിനെ കുറിച്ച് അവര്‍ ആലോചിച്ചിരുന്നുവെന്നും ജോയ് പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് സേനയെ ഉപയോഗിച്ചതിനെ മകന്‍ ന്യായീകരിച്ചു. ഈ പ്രതിഷേധക്കാര്‍ പോലീസുകാരെ തല്ലിക്കൊന്നിട്ടുണ്ട്. ഇന്നലെ മാത്രം 13 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം ആളുകളെയും പോലീസിനെയും തല്ലിക്കൊല്ലുമ്പോള്‍ പോലീസ് എന്തുചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ജോയ് ചോദിച്ചു.
അധികാരം ഏറ്റെടുത്ത ശേഷം ബംഗ്ലാദേശിനെ ഇത്രത്തോളം മാറ്റിയത് ഹസീനയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രമായിട്ടാണ് എല്ലാവരും ബംഗ്ലാദേശിനെ കണ്ടിരുന്നത്. ദരിദ്രമായ രാജ്യമായിരുന്നു ബംഗ്ലാദേശ്. ഇന്ന് ഏഷ്യയിലെ വളര്‍ന്നുവരുന്ന രാഷ്ട്രയമായിട്ടാണ് അതിനെ എല്ലാവരും കാണുന്നതെന്നും ജോയ് വ്യക്തമാക്കി.
രാജ്യത്തിന് ഹസീന ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇപ്പോഴത്തെ ഈ സംഭവത്തില്‍ വലിയ നിരാശയിലാണ് ഹസീന. രാഷ്ട്രീയമായി ഇനിയൊരിക്കലും തന്റെ അമ്മ തിരിച്ചുവരില്ല. ഇത് അവരുടെ കരിയറിന് അവസാനമാണ്. കാരണം അത്രത്തോളം നിരാശപ്പെട്ടിരിക്കുകയാണ് അവര്‍. ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും, അവര്‍ക്കെതിരെ ഒരു വിഭാഗം തിരിഞ്ഞത് നിരാശപ്പെടുത്തുന്നതാണെന്നും ജോയ് പറഞ്ഞു.
2009ലാണ് ഹസീന അധികാരത്തിലെത്തിയത്. അതിന് ശേഷം ആറ് ശതമാനത്തോളം വാര്‍ഷിക വളര്‍ച്ച ബംഗ്ലാദേശിനുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പുരോഗതിയുണ്ടായെങ്കിലും കര്‍ശനമായ ഹസീനയുടെ ഭരണരീതികള്‍ക്കെതിരെ അതൃപ്തി രാജ്യത്തുണ്ടായിരുന്നു.
അതേസമയം ഹസീന ഇന്ത്യയില്‍ തന്നെ തുടരുകയാണ്. ബ്രിട്ടന്‍ അവരുടെ അഭയം നല്‍കണമെന്നുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ബ്രിട്ടന്‍ അഭയം നല്‍കുന്നത് വരെ ഹസീന ഇന്ത്യയില്‍ തുടരും. ബംഗ്ലാദേശില്‍ ഹസീന രാജിവെച്ചതിന് പിന്നാലെ സംഘര്‍ഷം തുടരുകയാണ്. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു.
ഷേര്‍പൂര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. ഭക്ഷ്യമന്ത്രിയുടെ വീടും കൊള്ളയടിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഘാലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അടക്കം ഹസീന കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications