'ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും കൈക്കലാക്കാനാകില്ല'; ചൈനക്ക് അമിത് ഷായുടെ മറുപടി
ഇറ്റാനഗര്‍: ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചല്‍ പ്രദേശില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും കൈക്കലാക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ചൈന ആവര്‍ത്തിക്കുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ ചൈന ശക്തമായി എതിര്‍ക്കുകയും പ്രദേശത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബീജിംഗിന്റെ പ്രാദേശിക പരമാധികാരം ലംഘിക്കുന്നതാണ് എന്നും ചൈനീസ് വിദേശകാര്യ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമവും ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ളതുമായ കിബിത്തൂവില്‍ നിന്നാണ് അമിത് ഷാ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' ആരംഭിച്ചത്.

2014-ന് മുമ്പ് വടക്ക് കിഴക്കന്‍ മേഖല മുഴുവനും അസ്വസ്ഥമായ പ്രദേശമായി അറിയപ്പെട്ടിരുന്നു എന്നും എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്ന മേഖലയായി കണക്കാക്കപ്പെടുന്നു എന്നും അമിത് ഷാ പറഞ്ഞു. സൈന്യത്തെയും അതിര്‍ത്തിയിലെ പൊലീസിനേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
നമ്മുടെ ഐടിബിപി ജവാന്‍മാരും സൈന്യവും അതിര്‍ത്തികളില്‍ രാവും പകലും സജ്ജരാണ്. അതിനാല്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ട് എന്നും അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ചൈന അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയത്. തങ്ങളുടെ പ്രദേശം എന്ന് അവകാശപ്പെട്ടാണ് ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്തിന്റെ പേര് ചൈന മാറ്റിയത്.
സാങ്നാന്‍ ചൈനയുടെ പ്രദേശമാണ് എന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ സാങ്നാന്‍ സന്ദര്‍ശനം ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നതാണ് എന്നുമാണ് അമിത് ഷായുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്. ഇത് അതിര്‍ത്തിയിലെ സമാധാനത്തിന് യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
അതേസമയം അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ നടപടി അംഗീകരിക്കാനാവില്ല എന്ന് ഇന്ത്യ പറഞ്ഞു. ചൈന സ്വന്തം നിലക്ക് പേരുകള്‍ നല്‍കുന്നത് അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ മാറ്റില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. ആദ്യമായല്ല ചൈന ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. മുന്‍പും അത്തരം ശ്രമങ്ങളെ തങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സ്ഥലപ്പേരുകള്‍ മാറ്റി അരുണാചല്‍ പ്രദേശിന്മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ അമേരിക്കയും ശക്തമായി എതിര്‍ത്തു. ചൈനയുടെ അവകാശവാദത്തിന്റെ മറ്റൊരു ശ്രമമാണിത്. പ്രദേശങ്ങളുടെ പേരുമാറ്റി ഒരു ഭൂപ്രദേശത്തില്‍ അവകാശവാദമുന്നയിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞിരുന്നത്.












Click it and Unblock the Notifications