ഉരുകിയൊലിച്ച് ഉത്തരേന്ത്യ, 47 ഡിഗ്രി താപനില; ഡല്‍ഹിയില്‍ അടക്കം അത്യുഗ്രന്‍ ഉഷ്ണതരംഗം
ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴ കനത്തിരിക്കുകയാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ നേര്‍ വിപരീതമാണ്. കടുത്ത ചൂടില്‍ വെന്തുരുകുകയാണ് ഉത്തരേന്ത്യ. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 25 ശനിയാഴ്ച്ച ഡല്‍ഹിയില്‍ അതിശക്തമായിരിക്കും താപനിലയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡല്‍ഹിയിലെ ഏഴ് സീറ്റിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത് ശനിയാഴ്ച്ചയാണ്. ശക്തമായ ഉഷ്ണതരംഗത്തില്‍ ഡല്‍ഹി വിറക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടില്‍ പോളിംഗ് കുറയാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വോട്ടിംഗ് വളരെ പ്രധാനപ്പെട്ടതാണ്. ചൂടിനെ നേരിടാനുള്ള കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച്ച താപനില 45 ഡിഗ്രി കടക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ പ്രവചിക്കുന്നത്. ഡല്‍ഹി നഗരത്തില്‍ 2627 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കനത്ത ചൂട് മുന്‍നിര്‍ത്തി പോളിംഗ് ബൂത്തുകളില്‍ എയര്‍ കൂളറുകള്‍, മിസ്റ്റ് ഫാനുകള്‍, തണുത്ത വെള്ളം, തണലുള്ള വെയ്റ്റിംഗ് എരിയകള്‍, എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും ചൂട് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. പോളിംഗ് ശതമാനം കുറയാനുള്ള കാരണമായും ഇത് മാറിയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം കാറ്റിന്റെ ദിശ മാറിയത് കൊണ്ട് ഹരിയാനയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലുണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍ മഴയുണ്ടാവില്ല. ഉഷ്ണതരംഗം ഉണ്ടാവാനുള്ള സാധ്യത മുന്നിലെടുത്ത് കരുതിയിരിക്കണമെന്നാണ് നിര്‍ദേശം.
ശക്തമായ ഉഷ്ണതരംഗങ്ങള്‍ വരും ദിവസങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ തുടരും. മധ്യപ്രദേശിലും ഗുജറാത്തിലും അടുത്ത അഞ്ച് ദിവസം ചുട്ടുപ്പൊള്ളുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചൂടിനെ തുടര്‍ന്ന് പലര്‍ക്കും അസുഖങ്ങള്‍ വരാനും, അതുപോലെ സൂര്യാതപമേല്‍ക്കാനും സാധ്യതയുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമ യുപി, എന്നിവിടങ്ങളില്‍ അതിതീവ്രമായിരിക്കും താപനില.
ഇവിടെ കൂടുതല്‍ ശക്തമായി ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മെയ് 25 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലും ഡല്‍ഹിയിലും, പഞ്ചാബിലെ ചില ഭാഗങ്ങളിലും ഇതിനോടകം കനത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടിട്ടുണ്ട്.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഒറ്റപ്പെട്ടയിടങ്ങളിലും ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 15 മുതല്‍ ഗുജറാത്ത് മേഖലയില്‍ അതിതീവ്രമായ ഉഷ്ണമാണ് അനുഭവപ്പെടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലയിലും താപനില ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications