തൃണമൂലും എഎപിയും തടിച്ചുകൊഴുക്കുന്നു... കോണ്‍ഗ്രസ് മെലിഞ്ഞൊട്ടി, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...
പനാജി: ഗോവയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സമീപകാലം വരെ ഗോവ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നില അതീവ ഗുരുതരമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേതാക്കളും എംഎല്‍എമാരുമടക്കം മിക്ക പ്രമുഖരും കോണ്‍ഗ്രസിനെ കൈയ്യൊഴിയുകയാണ്.
കോണ്‍ഗ്രസിന് ഭാവിയില്ലെന്നാണ് ഇവരുടെ നിലപാട്. മുന്‍ മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഗോവയില്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുകയാണ് തൃണമൂലും ആം ആദ്മി പാര്‍ട്ടിയും. വിശദാംശങ്ങള്‍ ഇങ്ങനെ....

40 അംഗ നിയമസഭയാണ് ഗോവയിലേത്. പല എംഎല്‍എമാരും കൂറുമാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ അംഗബലം അഞ്ചായി കുറഞ്ഞിരുന്നു. അതിനിടെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ ലൂയിസ്‌നോ ഫലേരിയോ കഴിഞ്ഞ ദിവസം രാജിവച്ചതും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും. ഇതോടെ അംഗബലം നാലായി കുറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ കൂടി നഷ്ടമാകും എന്നാണ്. കര്‍ട്ടോറിമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അലക്‌സോ റജിനാള്‍ഡോ ലോറന്‍സോ ആണ് രാജിവയ്ക്കുക. ഇദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും തൃണമൂലിലേക്കും എഎപിയിലേക്കും കൂടുമാറുകയാണ്.

അലക്‌സോ ലോറന്‍സോ രാജിവച്ചാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം മൂന്നായി കുറയും. സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് എത്തുന്നതിന് ഒരു കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ്. മറ്റൊന്ന് കോണ്‍ഗ്രസില്‍ അണികള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു എന്നതാണ്. കോണ്‍ഗ്രസിന് ഭാവിയില്ലെന്നും മറ്റു പാര്‍ട്ടികളില്‍ എത്തിയാല്‍ മികച്ച പദവികള്‍ ലഭിക്കുമെന്നും ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഗോവയില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. പ്രതിപക്ഷത്ത് കാര്യമായ സാന്നിധ്യം ഇതുവരെ കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നില ഇപ്പോള്‍ പരുങ്ങലിലാണ്. ഈ സ്ഥാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളാണ് എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും. ഇവര്‍ക്കിടയില്‍ വോട്ടുകള്‍ ഭിന്നിക്കുന്നതും ബിജെപിക്ക് നേട്ടമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി ഗോവയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചുവരികയാണ്. അടുത്തിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരവ്. ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് തകരുന്നത് മൂലം രൂപപ്പെടുന്ന വിടവിലേക്ക് കയറി നില്‍ക്കാനാണ് തൃണമൂലിന്റെ ശ്രമം.

അലക്‌സോ ലോറന്‍സോ എംഎല്‍എ രാജിവയ്ക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ തള്ളുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കിംവദന്തികള്‍ മാത്രമാണ് പ്രചരിക്കുന്നതെന്നും അത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. എന്നാല്‍ ഫലേരിയോ കോണ്‍ഗ്രസ് വിടാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നപ്പോഴും കോണ്‍ഗ്രസ് ഇതുതന്നെയാണ് പറഞ്ഞിരുന്നത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

സമാന ചിന്താഗതിയുള്ള എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ് എഎപി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംഎല്‍എമാരെ ഇവര്‍ കാണുന്നുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഗോവയിലെത്തുന്നുണ്ട്. ഈ വേളയില്‍ നിരവധി നേതാക്കള്‍ എഎപിയില്‍ ചേര്‍ന്നേക്കും. അലക്‌സോ ലോറന്‍സോയും തിങ്കളാഴ്ച എഎപിയിലെത്തുമെന്നാണ് വാര്‍ത്തകള്‍. അതിനിടെ മുന്‍ ഫുട്‌ബോളര്‍ ഡെന്‍സില്‍ ഫ്രാങ്കോ, ഗോവ ബോക്‌സിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലെന്നി ഡി ഗാമ എന്നിവര്‍ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.












Click it and Unblock the Notifications