ഊട്ടി, കൊടൈക്കനാല്‍ യാത്രയാണോ? മുന്‍കൂര്‍ ഇ-പാസ് എടുക്കണം; നിയന്ത്രണം ഇങ്ങനെ
ചെന്നൈ: അവധിക്കാലം അടിപൊളിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു ദു:ഖവാര്‍ത്ത. ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്കാണെങ്കില്‍ ശരിക്കും ബുദ്ധിമുട്ടേണ്ടി വരും. രണ്ടിടത്തേക്കുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
മേയ് 7 മുതല്‍ ജൂണ്‍ മുപ്പത് വരെ ഇ-പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂണ്‍ മുപ്പതിനുമിടയില്‍ ഊട്ടിയോ കൊടൈക്കനാലോ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍കൂറായി ഇ-പാസ് എടുക്കേണ്ടി വരും. വേനലവധി കാലത്തെ വര്‍ധിച്ച തിരക്കിനെ തുടര്‍ന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുന്നതാണ് നടപടിക്ക് കാരണം.

അതേസമയം പുതിയ തീരുമാനം അറിയിച്ച് കൊണ്ട് രാജ്യവ്യാപകമായി പരസ്യം നല്‍കാന്‍ നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സഞ്ചാരികളുടെയും വാഹനങ്ങളുടെയും കൃതമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടിയാണ് പാസ് നിര്‍ബന്ധമാക്കിയത്.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവില്‍ വന്‍ തിരക്കാണ് ഊട്ടിയിലും കൊടൈക്കനാലിലും അനുഭവപ്പെടുന്നത്. പ്രതിദിനം 2000 വാഹനങ്ങള്‍ വരെ ഇവിടെ എത്തുന്നുണ്ട്.
അതേസമയം ജില്ലാ കളക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിന് ശേഷം മേഖലയിലേക്ക് എത്താവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. പിന്നീട് ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാരികളെ അനുവദിക്കുക. ജൂലായ് അഞ്ചിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച് വിനോദ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു. രണ്ടായിരം ആളുകള്‍ പ്രതിദിനം എന്ന നിലയില്‍ നിന്നാണ് 20000 സഞ്ചാരികള്‍ എന്ന നിലയിലേക്ക് അവധിക്കാലത്ത് ഉയര്‍ന്നിരിക്കുന്നത്.
ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിലവില്‍ നിര്‍ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകല്‍ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു. അതേസമയം പ്രദേശവാസികള്‍ക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications