ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്ന് മലയാളികളടക്കം 561 പേരെ ജിദ്ദയിലെത്തിച്ചു
ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ മലയാളികള്‍ ഉള്‍പ്പെടെ 561 പേരെ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു. നാവികസേനയുടെ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളില്‍ 283 പേരെയും ഇതുവരെ എത്തിച്ചിരിക്കുന്നത്. ഇവരെ തല്‍ക്കാലം എംബസിക്ക് കീഴിലെ സ്‌കൂളില്‍ ആണ് താമസിപ്പിക്കുന്നത്. ശേഷം നാട്ടിലെത്തിക്കും.
സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ കാവേരി എന്ന സുഡാന്‍ രക്ഷാദൗത്യം ഇന്ത്യ നടപ്പാക്കുന്നത്. 3000ത്തോളം ഇന്ത്യക്കാര്‍ സുഡാനില്‍ കഴിയുന്നുണ്ട് എന്നാണ് വിവരം. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ മേല്‍നോട്ടത്തിലാണ് ഇവരുടെ രക്ഷാപ്രവര്‍ത്തന നടപടികള്‍ ഏകോപിപ്പിക്കുന്നത്. വിദേശികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സുഡാന്‍.

കനത്ത ഏറ്റുമുട്ടലുള്ള സുഡാനിലെ ഖാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികില്‍ നിന്നും 800 കി.മീ സഞ്ചരിച്ച് വേണം സുഡാന്‍ തുറമുഖത്തെത്താന്‍ എന്നതാണ് വലിയ പ്രതിസന്ധി. ഇന്ത്യന്‍ നാവികസേനയുടെ െഎ എന്‍ എസ് സുമേധ കപ്പല്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളത്. ജിദ്ദയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് സുഡാനില്‍ എത്തിയത്. 14 മണിക്കൂര്‍ യാത്ര ചെയ്ത് രാത്രി 10.30-ഓടെ ആണ് കപ്പല്‍ ഇന്ത്യക്കാരുമായി തിരിച്ച് ജിദ്ദയിലെത്തിയത്.
സാധാരണ യാത്രാകപ്പലുകള്‍ സുഡാനില്‍ നിന്ന് ജിദ്ദയിലെത്തുന്നതിവേക്കാള്‍ വേഗത്തില്‍ എത്താന്‍ നാവിക സേനയുടെ കപ്പലിന് സാധിച്ചു. മലയാളികള്‍ക്ക് പുറമെ, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കപ്പലില്‍ എത്തിയവരില്‍ ഉണ്ട്. 16 മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഐ എന്‍ എസ് തേജ് എന്ന മറ്റൊരു കപ്പല്‍ ഉടനെ ഇന്ത്യക്കാരുമായി ജിദ്ദയിലെത്തും എന്നും റിപ്പോര്‍ട്ടുണ്ട്.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. സുഡാനിന്റെ വ്യോമാതിര്‍ത്തി അടച്ചതാണ് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് അധിക ഉദ്യോഗസ്ഥരും അവശ്യ ദുരിതാശ്വാസ സാമഗ്രികളുമായി ഒരു കപ്പല്‍ ചൊവ്വാഴ്ച പോര്‍ട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കെ യുഎസും സൗദി അറേബ്യയും മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്നാണ് സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്.












Click it and Unblock the Notifications