ശശി തരൂരിനെ തഴഞ്ഞ് കോൺഗ്രസ്, പേര് നൽകാതെ രാഹുൽ ഗാന്ധി; എന്നിട്ടും ഒപ്പം നിർത്തി കേന്ദ്രത്തിന്റെ നീക്കം
ന്യൂഡൽഹി: ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിനെ ശശി തരൂർ നയിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. തരൂരിനെ കോൺഗ്രസ് ഈ സംഘത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. രാഹുൽ ഗാന്ധി നൽകിയ പട്ടികയിലാണ് തരൂരിന്റെ പേര് ഉൾപ്പെടുത്താഞ്ഞത്.
പാകിസ്ഥാനിൽ ശക്തമായി വേരോടിയിട്ടുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനായി വിദേശത്തേക്ക് അയയ്ക്കുന്ന പ്രതിനിധികളിൽ ഉൾപ്പെടുത്തുന്നതിന് നാല് പേരുകൾ നിർദ്ദേശിക്കണമെന്ന് മെയ് 16ന് രാവിലെ കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് മുതിർന്ന നേതാവ് ജയറാം രമേശ് അറിയിച്ചത്.

തുടർന്ന് അതേ ദിവസം ഉച്ചയോടെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസിനെ പ്രതിനിധീകരിച്ച് നാല് പേരുകൾ നൽകിയെന്നും അതിൽ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ലെന്നുമാണ് ലഭ്യമായ വിവരം. മുൻ കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.
എന്നാൽ ശശി തരൂർ സർവകക്ഷി സംഘത്തെ നയിക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജനതാദൾ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, ശിവസേന (ഷിൻഡെ വിഭാഗം) എംപി ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ.
'ഇന്നലെ രാവിലെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് പ്രസിഡന്റുമായും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായും സംസാരിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് 4 എംപിമാരുടെ പേരുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ഐഎൻസിയുടെ പേരിൽ ഇനിപ്പറയുന്ന പേരുകൾ നൽകി പാർലമെന്ററി കാര്യ മന്ത്രിക്ക് കത്തെഴുതി' ജയറാം രമേശ് എക്‌സിൽ കുറിച്ചു.
എന്നാൽ ഈ പേരുകൾ നൽകിയതിന് പിന്നാലെ ബിജെപി തന്നെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ നിർദ്ദേശങ്ങളെ സംശയാസ്‌പദം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
നയതന്ത്ര യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പുകൾ കൗതുകകരം മാത്രമല്ല, അവ ആഴത്തിൽ സംശയാസ്‌പദവുമാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യയാണ് ആരോപിച്ചത്.
ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ശശി തരൂർ തന്നെ രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്നും ക്ഷണം സ്വീകരിക്കുന്നുവെന്നുമാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ദേശ താൽപര്യം തന്നെയാണ് മുഖ്യമെന്നും, അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കാൻ അഭിമാനമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.
എന്നാൽ പാർട്ടിയിൽ ഇക്കാര്യത്തിൽ കടുത്ത അതൃപ്‌തി ഉണ്ടെന്നാണ് ലഭ്യമായ വിവരം. എങ്കിലും തരൂരിനെ ഉൾപ്പെടുത്തിയതിൽ ഇതുവരെയും കോൺഗ്രസ് എതിർത്തുകൊണ്ട് പ്രതികരിച്ചിട്ടില്ല. കെപിസിസി ആവട്ടെ തരൂരിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ തരൂരിന് കഴിയുമെന്നാണ് കെപിസിസി ചൂണ്ടിക്കാട്ടിയത്. ഇത്രയൊക്കെ ആണെങ്കിലും വിഷയത്തിൽ കേന്ദ്ര നീക്കത്തെ സംശയദൃഷ്‌ടിയോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്.












Click it and Unblock the Notifications