ബിജെപിയുടെ സ്വപ്നം സഫലമാകില്ല; മധ്യപ്രദേശില്‍ 15 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും: ജിതു പട്വാരി
ഭോപ്പാൽ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് എം പി സി സി അധ്യക്ഷന്‍ ജിതു പട്വാരി. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 29 സീറ്റുകളിൽ 15ലധികം സീറ്റുകൾ കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹേം അവകാശപ്പെട്ടു. ലോക്സഭയിലേക്കുള്ള 29 സീറ്റുകളിലും വിജയിക്കുമെന്ന ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ അവകാശവാദങ്ങള്‍ സഫലമാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത്തരം അവകാശവാദം ഉന്നയിക്കുന്നതിലൂടെ, ബി ജെ പി വോട്ടർമാരെ വെല്ലുവിളിക്കുകയാണ്. ഞാൻ അവകാശവാദങ്ങൾ ഉന്നയിക്കില്ല, പക്ഷേ ഫലങ്ങൾ സത്യം പറയും. വോട്ട് ഷെയർ (2023 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ) കാണിക്കുന്നത് കോൺഗ്രസ് മധ്യപ്രദേശില്‍ 15-ലധികം ലോക്‌സഭാ സീറ്റുകൾ നേടുമെന്നാണ്" ഗ്വാളിയോറിൽ നടത്തിയ പത്രസമ്മേളനത്തിൽ ജിതു പട്വാരി പറഞ്ഞു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 230 അംഗ സഭയിൽ 163 സീറ്റുകൾ നേടിയ ബി ജെ പിക്ക് 48.62 ശതമാനം വോട്ട് വിഹിതമായിരുന്നു ലഭിച്ചത്. 40.45 ശതമാനം വോട്ടോടെ 66 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ സംസ്ഥാന ഘടകം അധ്യക്ഷൻ കമൽനാഥിൻ്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ചിന്ദ്വാര സീറ്റിൽ മാത്രമായിരുന്നു കോൺഗ്രസിന് വിജയിക്കാനായത്. കമല്‍ നാഥിന്റെ മകൻ നകുൽ നാഥ് ഇവിടെ വിജയിച്ചപ്പോള്‍ ബാക്കിയുള്ള 28 സീറ്റുകളും ബി ജെ പി നേടി.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോഹൻ യാദവ് സർക്കാർ പരാജയപ്പെട്ടുവെന്നും പട്വാരി പറഞ്ഞു.ഗ്വാളിയോറിൽ അടുത്തിടെ നടന്ന ബലാത്സംഗ സംഭവങ്ങൾ ഉദ്ധരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം വഷളായതായും പൊലീസ് നിഷ്ക്രിയമാണെന്നും അദ്ദേഹം വാദിച്ചു.
ലാഡ്‌ലി ബെഹന യോജനയ്ക്ക് കീഴിലുള്ള പ്രതിമാസ ധനസഹായം 3,000 രൂപയായി ഉയർത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോൾ നിലവിലെ 1,250 രൂപ തന്നെ നല്‍കാന്‍ സാധിക്കുന്നില്ലെന്നും എം പി സി സി അധ്യക്ഷന്‍ പറഞ്ഞു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കമൽനാഥിനെ കുറ്റപ്പെടുത്തി എ ഐ സി സി വക്താവ് അലോക് ശർമയ്ക്ക് നോട്ടീസ് നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അച്ചടക്ക സമിതി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി ജനറൽ സെക്രട്ടറി ഇൻ ചാർജ് ജിതേന്ദ്ര സിങും പറഞ്ഞു.












Click it and Unblock the Notifications