5 ഫോണില്‍ ചാര സോഫ്റ്റ് വെയർ: പെഗാസസോ? അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്നും റിപ്പോർട്ട്
ദില്ലി: 29 ഫോണുകൾ പരിശോധിച്ചപ്പോൾ അഞ്ച് ഫോണുകളിൽ ചാര സോഫ്റ്റ് വെയർ കണ്ടെത്തിയെങ്കിലും അത് അത് പെഗാസസ് ആണോ എന്ന് വ്യക്തമല്ലെന്ന് സുപ്രീം കോടതി. കേസ് അന്വേഷണവുമായി കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്നും കോടതി നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
രാഷ്ട്രീയക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്താന്‍ ഇസ്രായേല്‍ നിർമ്മിതമായ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുർന്നായിരുന്നു സുപ്രീം കോടതി പ്രത്യേക സാങ്കേതിക സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.

സമിതി റിപ്പോർട്ട് മൂന്ന് ഭാഗങ്ങളായാണ് സമർപ്പിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോർട്ടുകളും സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് ആർവി രവീന്ദ്രന്റെ മേൽനോട്ട സമിതിയുടെ ഒരു റിപ്പോർട്ടുമാണ് ഇത്. റിപ്പോർട്ടിന്റെ ഒരു ഭാഗം സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തും. ശുപാർശകളെക്കുറിച്ചുള്ള ജസ്റ്റിസ് രവീന്ദ്രന്റെ റിപ്പോർട്ടിന്റെ മൂന്നാം ഭാഗം ഞങ്ങൾ വെബ്‌സൈറ്റിൽ പരസ്യമാക്കും, മുഴുവൻ റിപ്പോർട്ടും പൊതു സമൂഹത്തിന് മുന്നില്‍ ലഭ്യമാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

പരാതിക്കാരിൽ ചിലർ റിപ്പോർട്ടിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ''സമ്പൂർണ്ണ റിപ്പോർട്ട് പരിശോധിക്കാതെ ഇക്കാര്യത്തില്‍ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാളെയ്ക്ക് ശേഷം, ഞാനും എന്റെ അഭിപ്രായം പ്രകടിപ്പിക്കും," എന്നായിരുന്നു ഒരു അഭിഭാഷകൻ തന്റെ അഭിപ്രായം കേള്‍ക്കാ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഇന്ത്യയിൽ, 142-ലധികം ആളുകളെ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ലക്ഷ്യമിട്ടുവെന്നായിരുന്നു "ദി വയർ" വാർത്താ പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ അവകാശപ്പെട്ടത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് ചില സെൽഫോണുകളുടെ ഫോറൻസിക് വിശകലനത്തിൽ സുരക്ഷാ ലംഘനം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കോൺഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, നിലവിലുള്ള രണ്ട് കേന്ദ്രമന്ത്രിമാർ, ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാർമാർ, ഒരു മുൻ ജഡ്ജിയുടെ പഴയ നമ്പർ, മുൻ അറ്റോർണി ജനറലിന്റെ അടുത്ത സഹായി, നാല്‍പ്പതിലേറെ പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ്‍ ചോർത്തിയെന്നാണ് ആരോപണം. നിയമവിരുദ്ധമായ ഒരു പ്രവർത്തനം നടത്തിയിട്ടില്ലെന്ന് സർക്കാർ പാർലമെന്റിൽ പ്രസ്താവന നൽകിയെങ്കിലും ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടന്നിട്ടില്ല. വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications