ഇത് പ്രിയങ്കാഗാന്ധിയുടെ 1000 ബസുകള്‍ അല്ല; 2019 ല്‍ ഗിന്നസ് റെക്കോര്‍ഡില്‍; ചിത്രത്തിന് പിന്നില്‍
ലക്‌നൗ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി 1000 ബസുകളായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സജ്ജമാക്കിയത്.
പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം യോഗി സര്‍ക്കാര്‍ ഈ ബസുകള്‍ ഓടുന്നതിനുള്ള അനുമതി നല്‍കിയെങ്കിലും ഇപ്പോള്‍ ബസുകള്‍ സര്‍ക്കാരിന് കൈമാറണമെന്നാണ് അറിയിച്ചിരിക്കുന്നത്. പിന്നാലെ പ്രിയങ്കാഗാന്ധിയും യോഗി സര്‍ക്കാരും തമ്മില്‍ വലിയ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് കളം ഒരുങ്ങിയിരിക്കുകയാണ്.
അതിനിടെ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി ഏര്‍പ്പെടുത്തിയ 1000 ബസുകള്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ പങ്കുവെച്ച് ചിത്രത്തിന്റെ വാസ്തവം പരിശോധിക്കാം.

1000 ബസുകള്‍
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി പ്രിയങ്കാ ഗാന്ധി ഏര്‍പ്പെടുത്തിയ 1000 ബസുകള്‍ അതിത്തില്‍ കിടക്കുകയാണെന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. നൂറില്‍ പരം ബസുകള്‍ വരിവരിയായി റോഡരികില്‍ നിര്‍ത്തിയിട്ട ചിത്രമാണ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സോഷ്യല്‍ മീഡിയ പ്രചരണം
അതിര്‍ത്തി കടക്കുന്നതിനായി ബസുകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതി കാത്ത് കിടക്കുകയാണെന്നാണ് പ്രചാരണം. ഈ ചിത്രം നാണക്കേടുണ്ടാക്കുന്നതാണ്, ഇത് ട്രാഫിക് ജാം അല്ല, ഉത്തര്‍പ്രദേശില്‍ കുടിയേറ്റതൊഴിലാളികള്‍ക്കായി പ്രിയങ്കാ ഗാന്ധി 1000 ബസുകള്‍ സജ്ജമാക്കി. എന്നാല്‍ യോഗി ആദിത്യനാഥ് ഇതുവരേയും അനുമതി നല്‍കിയില്ല എന്ന വിധത്തിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കുംബ മേള
എന്നാല്‍ കുടിയേറ്റ തൊഴിലാളികളുമായോ പ്രിയങ്കാഗാന്ധിയുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം. കഴിഞ്ഞ വര്‍ഷത്തെ കുംബ മേളയുമായി ബന്ധപ്പെട്ട് പ്രയാഗ് രാജില്‍ നിന്നുള്ള ചിത്രമാണിത്.

ഗിന്നസ് റെക്കോര്‍ഡ്
500 ബസുകളുടെ നീണ്ട പരേഡുമായി യുപി സര്‍ക്കാര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ചിത്രമാണിത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ദ ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളില്‍ 2019 ഫെബ്രുവരില്‍ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. 3.2 കിലോ മീറ്റര്‍ നീണ്ട ബസ് പരേഡ് നടത്തിയായിരുന്നു സര്‍ക്കാര്‍ അന്ന് ഗിന്നസ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

അനുമതി
കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കഗാന്ധിയുടെ ആവശ്യപ്രകാരം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തുക്കുന്നതിനായി 1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കികൊണ്ട് യോഗി ആദിത്യനാഥ് കത്തയക്കുന്നത്. 1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിനായി ബസിന്റെ നമ്പറും ഡ്രൈവറുടെ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. പിന്നാലെ അനുമതി നല്‍കിയ 1000 ബസുകളും സര്‍ക്കാരിന് കൈമാറണമെന്നാണ് യോഗി ആവശ്യപ്പെ്ട്ടിട്ടുള്ളത്.

നിലപാടില്‍ ഉറച്ച് നില്‍ക്കും
ഇത് ദരിദ്രരോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നതെന്നാണ് പ്രിയങ്കയുടെ പ്രതികരണം ഇത് കാണിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരല്ലെന്നാണ്. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ സഹായിക്കുമെന്ന ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് സര്‍്ക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കി.