അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത്? മോദി അഹങ്കാരി, കര്‍ഷകര്‍ക്കായി വാക്കേറ്റമുണ്ടായെന്ന് മാലിക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഹങ്കാരിയെന്ന് മുദ്ര കുത്തി മേഘാലയയുടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരുടെ വിഷയം സംസാരിച്ചപ്പോള്‍ വളരെ അഹങ്കാരത്തോടെയാണ് മോദി സംസാരിച്ചതെന്ന് മാലിക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുമായി തനിക്ക് വാക്കേറ്റമുണ്ടാണ്ടേണ്ടി വന്നതായും സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി. അദ്ദേഹത്തെ കാണാന്‍ പോയതില്‍ നിരാശ തോന്നുന്നു. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഞാന്‍ മോദിയെ കണ്ടത്. അഞ്ച് മിനുട്ട് കൊണ്ട് ഞങ്ങള്‍ തമ്മിലുള്ള സംസാരം തര്‍ക്കത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടുവെന്ന് സത്യപാല്‍ മാലിക് പറയുന്നു. തീര്‍ത്തും അഹങ്കാരിയായ വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും മാലിക് വ്യക്തമാക്കി.

അതേസമയം സത്യപാല്‍ മാലിക്കിന്റെ തുറന്നുപറച്ചില്‍ ബിജെപിക്കുള്ളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. നേരത്തെ തന്നെ കേന്ദ്രത്തിനോട് കര്‍ഷക വിഷയങ്ങളില്‍ പരസ്യമായി ഏറ്റുമുട്ടിയ നേതാവാണ് മാലിക്. അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് നേതാക്കളും പറയുന്നുണ്ട്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ കൊല്ലപ്പെട്ടുവെന്ന് ഞാന്‍ മോദിയോട് പറഞ്ഞിരുന്നു. എന്നാല്‍ മോദി പെട്ടെന്ന് തന്ന തന്നോട് ദേഷ്യപ്പെട്ടു. അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചതെന്നാണ് ചോദിച്ചത്. അതേ, നിങ്ങള്‍ക്ക് വേണ്ടിയാണ് മരിച്ചത്. നിങ്ങളാണ് ഇപ്പോള്‍ രാജാവെന്നും ഞാന്‍ മോദിയോട് പറഞ്ഞുവെന്നും മാലിക് പറഞ്ഞു. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.
ഒടുവില്‍ മോദിയുമായുള്ള തര്‍ക്കം ഞാന്‍ അവസാനിപ്പിച്ചു. പ്രധാനമന്ത്രി കാര്‍ഷിക നിയമം പിന്‍വലിച്ചത് നല്ല കാര്യം. കര്‍ഷകര്‍ തീരുമാനങ്ങള്‍ നമ്മുടെ ഇഷ്ടത്തിന് കൊണ്ടുവരണം. താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സത്യപാല്‍ മാലിക് പറയുന്നു. ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ അക്കാര്യത്തില്‍ സത്യസന്ധത കാണിക്കണം. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും മാലിക് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പ്രതിഷേധം മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. അനീതി ഉണ്ടായാല്‍ തീര്‍ച്ചയായും സമരം വീണ്ടും ആരംഭിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആദ്യം ഉത്തരവാദിത്തം കാണിക്കണം. അവര്‍ പ്രതിഷേധം തീര്‍ന്നല്ലോ, ഇനി പ്രശ്‌നമില്ലെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല. അവര്‍ക്ക് വാക്കു കൊടുത്ത കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ തീര്‍ച്ചയായും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും മാലിക് പറഞ്ഞു. താനൊരിക്കലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിലോ കാര്യങ്ങള്‍ തുറന്ന് പറയുന്നതിലോ പിന്നോട്ട് പോവില്ല. ഞാനെന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
അതേസമയം മേഘാലയ ഗവര്‍ണറായ മാലിക് ഇത് ആദ്യമായിട്ടല്ല കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത്. നേരത്തെ ജയ്പൂരില്‍ നടന്ന പരിപാടിയില്‍ സര്‍ക്കാരിന് കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓരോ തവണയും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, ദില്ലിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള വിളി വരുമെന്നാണ് കരുതിയത്. ഗവര്‍ണറെ അങ്ങനെ മാറ്റാനാവില്ല. പക്ഷേ തന്റെ എതിരാളികള്‍ പുറത്താക്കാനായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മാലിക്കിനെ ഒരു വിഭാഗം ഖാപ് പഞ്ചായത്തുകള്‍ ഇവരുടെ ഭീവണ്ഡിയിലെ പഞ്ചായത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications