'സഹകരണ ഫെഡറലിസം സ്പിരിറ്റ് വേണം'; സംസ്ഥാനങ്ങളോട് ഇന്ധന നികുതി കുറയ്ക്കാന്‍ അഭ്യർത്ഥിച്ച് മോദി
ദില്ലി: പെട്രൊളിയം ഉത്പന്നങ്ങളുടെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ഫെഡറലിസത്തിന്റെ സ്പിരിറ്റില്‍ ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഇന്ധനവില സൂചിപ്പിച്ച പ്രധാനമന്ത്രി മോദി, വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധനവില കുറവാണെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്രം കഴിഞ്ഞ നവംബറിൽ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. "ഞാൻ ആരെയും വിമർശിക്കുന്നില്ല, ചർച്ച ചെയ്യുകയാണ്," കുത്തനെയുള്ള വർദ്ധനവിനിടെ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പട്ടിക വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചില്ല. മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, തമിഴ്നാട് കേരളം, ജാർഖണ്ഡ് തുടങ്ങിയവർ ചില കാരണങ്ങളാല്‍ നികുതി കുറയ്ക്കുന്നതിലേക്ക് ശ്രദ്ധിച്ചില്ല" -പ്രധാനമന്ത്രി വ്യക്തമാക്കി

കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇന്ധനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് മോദി പ്രതിപക്ഷ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചത്.
അതേസമയം, മോദിയെ വിമർശിച്ചുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കള്‍ രംഗത്ത് എത്തി. കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി വർധിപ്പിച്ചതിലൂടെ കേന്ദ്രം 26 ലക്ഷം കോടി രൂപയാണ് സമ്പാദിച്ചതെന്നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയുടെ വിമർശനം. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് തുക താരതമ്യേന കുറവാണ്. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രം എക്സൈസ് നിരക്ക് ഇനിയും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications