രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി പുഷ്‌പ 2 നിർമ്മാതാക്കൾ; അല്ലുവിന് പോലീസ് നോട്ടീസ്
ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്‌ടമായ രേവതിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
രേവതിയുടെ കുടുംബത്തിന് നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. കിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രേവതിയുടെ മകൻ ശ്രീതേജിനെ സന്ദർശിച്ച മന്ത്രി കൊമതി റെഡ്ഡിക്കൊപ്പം നവീൻ യെർനേനിയുമുണ്ടായിരുന്നു. ഇവിടെ വച്ചാണ് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്‌കറിന് ചെക്ക് കൈമാറിയത്.

നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു. നിർമ്മാതാക്കളായ അല്ലു അരവിന്ദും ബണ്ണി വാസുലുവും കുടുംബത്തിന് സാധ്യമായ എല്ലാ വിധത്തിലുള്ള നിർലോഭമായ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.
അല്ലു അർജുനെ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനാണ് തെലങ്കാന പോലീസിന്റെ തീരുമാനം. ഇതിനായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അല്ലുവിന് നോട്ടീസ് നൽകി കഴിഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്ക് ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ഹാജരാവാനാണ് നിർദ്ദേശം.
അതിനിടെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അല്ലു അർജുന്റെ വീടിന് നൽകിയിരുന്ന സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തെലങ്കാന പോലീസ് അല്ലുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ നിർണായക നീക്കം നടത്താൻ പോലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അല്ലുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പോലീസ് വൈകാതെ കോടതിയെ സമീപിച്ചേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് പോലീസ് ഒരുങ്ങുന്നത് എന്നാണ് സൂചന.
ഇതോടെ അല്ലു അർജുനും കുടുംബവും കടുത്ത ജാഗ്രതയിലാണ്. വിഷയത്തിൽ കോടതി എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. പോലീസ് ആവശ്യം കോടതി അംഗീകരിച്ചാൽ അല്ലു വീണ്ടും ജയിലിലേക്ക് തിരികെ മടങ്ങേണ്ടി വരും. പ്രത്യേകിച്ച് അല്ലു അർജുനും തെലങ്കാന പോലീസ് തമ്മിലുള്ള വാക്‌പോര് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സാഹചര്യത്തിൽ ഇതിനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.
കൂടാതെ തെലുങ്ക് സിനിമാ മേഖലയ്ക്ക് വലിയ ക്ഷീണമാവുന്ന മറ്റൊരു വാർത്ത കൂടി ഇതിനിടയിൽ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ടിക്കറ്റ് വില വർധന പരിപാടി ഇനി അനുവദിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ സംക്രാന്തി കാലത്ത് വരാനിരിക്കുന്ന വമ്പൻ ചിത്രങ്ങളുടെ കാര്യം ഉൾപ്പെടെ അവതാളത്തിലാകും. ഇതും വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ തെലങ്കാന സർക്കാരുമായുള്ള ചർച്ചകളിൽ മെഗാസ്‌റ്റാർ ചിരഞ്ജീവിയെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നതായി ഊഹാപോഹങ്ങൾ ശക്തമാണ്. എന്നാൽ, അറസ്‌റ്റിലായ സമയത്ത് അല്ലു അർജുന്റെ വസതി സന്ദർശിച്ചതൊഴിച്ചാൽ ചിരഞ്ജീവി ഇതുവരെ വിഷയത്തിൽ മൗനം തുടരുകയാണ്.












Click it and Unblock the Notifications