രാഹുലിന് ഐസ്‌ക്രീം കഴിക്കാം, ബൈക്കോടിക്കാം, കശ്മീര്‍ സുരക്ഷിതമാക്കിയിട്ടുണ്ട്; പരിഹസിച്ച് അമിത് ഷാ
ശ്രീനഗര്‍: രാഹുല്‍ ഗാന്ധിക്ക് ജമ്മു കശ്മീരില്‍ ഇനി ധൈര്യമായി ഐസ്‌ക്രീം കഴിക്കുകയോ, ബൈക്കോടിക്കുകയോ ചെയ്യാമെന്ന് അമിത് ഷായുടെ പരിഹാസം. കശ്മീര്‍ എന്‍ഡിഎ സര്‍ക്കാര്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. അതുകൊണ്ട് രാഹുലിന് എന്തുകാര്യം വേണമെങ്കിലും ചെയ്യാമെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് അമിത് ഷാ പരിഹാസമുന്നയിച്ചത്.
അതേസമയം സംസ്ഥാനത്ത് മത്സരം കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറസ് സഖ്യവും ബിജെപിയും തമ്മിലാണ് മത്സരമെന്ന് അമിത് ഷാ പറഞ്ഞു. ഒരു സഖ്യത്തിന് ആവശ്യം ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനാണ്. മറ്റൊരു പാര്‍ട്ടി അതിനെ തടയാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

കശ്മീരിലെ കിഷ്ത്വറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷുഗന്‍ പരിഹാറിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ. ബിജെപി സ്ഥാനാര്‍ത്ഥി ഷുഗന് വേണ്ടി വോട്ട് ചെയ്യുന്നത് വികസനത്തിനും പുരോഗതിക്കും മാത്രമല്ല സഹായിക്കുക, അത് ഷുഗന്റെ പിതാവ് അടക്കം വീരചരമം വരിച്ചവര്‍ക്കുള്ള ആദരമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്. ബിജെപിയുടെ പോരാട്ടം ഗാന്ധി-അബ്ദുള്ള കുടുംബങ്ങള്‍ക്കെതിരെയാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കൃത്യമായ അജണ്ടകളുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപിച്ചു. പ്രേം നാഥ് ദോഗ്രയുടെ പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നത്. ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി എന്നതാണ് ഞങ്ങളുടെ നയം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണ്. ഒരാള്‍ക്കും അത് മാറ്റാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിലെ റമ്പാനിലും അമിത് ഷാ പ്രചാരണത്തിനെത്തിയിരുന്നു. കശ്മീരിനെ സുരക്ഷിതമാക്കിയത് ഞങ്ങളാണ്. രാഹുലിന് ഇന്ന് കശ്മീരില്‍ രാഹുലിന് ബൈക്കോടിക്കാം, മോദിയെ അപമാനിക്കാം. ലാല്‍ ചൗക്കില്‍ ഐസ്‌ക്രീം കഴിക്കാം. മോദിയെ പരമാവധി അപമാനിക്കുന്നുണ്ട് രാഹുല്‍. എന്നാല്‍ ഇപ്പോഴത്തെ ഈ സുരക്ഷിതാവസ്ഥയൊന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സാധ്യമായിരുന്നില്ല. മോദി തീവ്രവാദത്തെ കുഴിച്ചുമൂടിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
അതേസമയം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കും അമിത് ഷാ മറുപടി നല്‍കി. ഷിന്‍ഡെയ്ക്ക് ഇനി ഭയമില്ലാതെ ശ്രീനഗറിലെ ലാല്‍ചൗക്കിലെത്താമെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലാല്‍ ചൗക്കില്‍ പോകാന്‍ ഭയന്നിരുന്നതായി ഷിന്‍ഡെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്
ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ബല്ലയാണ് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖന്‍. ബല്ലയുടെ സഹോദരന്‍ വിനോദ്, മുന്‍ ബ്ലോക് വികസന കൗണ്‍സില്‍ ചെയര്‍മാന്‍ ദിലീപ് കുമാര്‍, എന്നിവര്‍ക്കൊപ്പം നിരവധി പഞ്ചുകളും, സര്‍പഞ്ചുകളും ബിജെപിയില്‍ ചേര്‍ന്നു.
കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി, ജമ്മു കശ്മീര്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് സത് ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആര്‍എസ് പുര ജമ്മു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ളവരാണ് കൂടുതലാണ് ബിജെപിയില്‍ ചേര്‍ന്നവര്‍. രാമന്‍ ബല്ലയെ നേരത്തെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു.












Click it and Unblock the Notifications