ചെയ്തത് ഗുരുതര കുറ്റം; രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യ കോടതിയുടേതാണ് നടപടി. അതിനിടെ കേസിലെ രണ്ടാം പ്രതിയായ തരുണ്‍ കൊണ്ടൂരു സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മണിക്ക് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
മാര്‍ച്ച് 3 ന് ദുബായില്‍ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് 34 കാരിയായ രന്യ റാവു 12.56 കോടി രൂപ വിലമതിക്കുന്ന 14 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളുമായി അറസ്റ്റിലായത്. രന്യ റാവുവിന് എതിരായ കുറ്റങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വിശ്വനാഥ് സി ഗൗഡര്‍ അധ്യക്ഷനായ ബെഞ്ച് ജാമ്യം നിരസിച്ചത്.

രന്യ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷ രണ്ടാമതും തള്ളിയതിനെത്തുടര്‍ന്ന് രന്യ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. സ്വര്‍ണ്ണക്കടത്തില്‍ നടിക്ക് പങ്കുണ്ടെന്നാണ് ഡിആര്‍ഐ പറയുന്നത്. ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
രന്യ പുറത്തിറങ്ങുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഇടയാക്കുമെന്നും ഡിആര്‍ഐ വാദിച്ചു. അതേസമയം ഡിആര്‍ഐ തടങ്കലില്‍ വെച്ച സമയത്ത് തനിക്ക് മോശം അനുഭവം ഉണ്ടായതായി രന്യ റാവു ആരോപിച്ചു. ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മടിച്ചപ്പോള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചുവെന്നും അവര്‍ ആരോപിച്ചു.
സമ്മതമില്ലാതെ രേഖകളില്‍ ഒപ്പിടാന്‍ അവര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും നിയമപരമായും മാന്യമായുമാണ് നടന്നത് പറഞ്ഞ ഡിആര്‍ഐ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളാണ് രന്യ.
ബെംഗളൂരുവിലെ രന്യയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും പിടിച്ചെടുത്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ 17.29 കോടി രൂപയായി. രന്യ കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഏകദേശം 30 യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും, ഓരോ തവണയും ഗണ്യമായ അളവില്‍ സ്വര്‍ണം കടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കള്ളക്കടത്ത് നടത്തുന്ന ഓരോ കിലോഗ്രാമിനും ഒരു ലക്ഷം രൂപ വീതവും ഓരോ യാത്രയ്ക്കും 12-13 ലക്ഷം രൂപ എന്ന കണക്കില്‍ അവര്‍ സ്വര്‍ണം സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications