റിപ്പോ നിരക്കിൽ കുറവ് വരുത്തി ആർബിഐ; ഇനി മുതൽ 5.25 ശതമാനം, വായ്‌പ എടുത്തവർക്ക് ഗുണമാവും
ന്യൂഡൽഹി: വീണ്ടും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമായാണ് ആർബിഐ മാറ്റിയിരിക്കുന്നത്. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് ബാങ്കിംഗ് മേഖലയ്ക്കുള്ള ഏറ്റവും പുതുക്കിയ നിരക്കുകൾ ആർബിഐ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഈ വർഷത്തെ നാലാമത്തെ വെട്ടികുറക്കലാണ് ഇന്നത്തേത്. ഇതോടെ 2025 ലെ മൊത്തം നിരക്ക് കുറവ് 125 ബേസിസ് പോയിന്റുകളായി ഉയർന്നു. നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.25 ശതമാനം ആയി കുറഞ്ഞു. ഇതോടൊപ്പം, സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5 ശതമാനം ആയും, മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും ഇപ്പോൾ 5.5 ശതമാനം ആയും ക്രമീകരിച്ചു.

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ, യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം ജിഡിപി) 7.8 ശതമാനം വളർച്ച നേടി പ്രതീക്ഷകളെ കവച്ചുവെച്ചു. മൊത്ത മൂല്യവർധനവ് (ജിവിഎ) 7.6 ശതമാനം രേഖപ്പെടുത്തി. സാമ്പത്തിക പ്രവർത്തനങ്ങൾ കരുത്തുറ്റതായി തുടരവെ, ഉയർന്ന ആവൃത്തി സൂചകങ്ങൾ പ്രകാരം രണ്ടാം പാദത്തിലും ഈ മുന്നേറ്റം നിലനിർത്തുന്നുണ്ടെന്നാണ് ഗവർണർ പറയുന്നത്.
2025-26 സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച നിലവിൽ 6.8% ആയി പ്രവചിക്കപ്പെടുന്നു. ഇത് രണ്ടാം പാദത്തിൽ 7.0 ശതമാനം, മൂന്നാം പാദത്തിൽ 6.4 ശതമാനം, നാലാം പാദത്തിൽ 6.2 ശതമാനംഎന്നിങ്ങനെയാണ്. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 6.4 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു. വെല്ലുവിളികളും സാധ്യതകളും തുല്യമാണ്; സഞ്ജയ് മൽഹോത്ര പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ കരുത്തുറ്റ വളർച്ചയും മിതമായ പണപ്പെരുപ്പവും പ്രകടമാക്കി. ബാങ്കിംഗ് സംവിധാനം കൂടുതൽ ദൃഢമാവുകയും, സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനും ബിസിനസ്സ് ചെയ്യുന്നതിന് കൂടുതൽ സൗകര്യമൊരുക്കാനും ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നിയന്ത്രണ ചട്ടക്കൂടുകൾ പരിഷ്‌കരിക്കുകയും ചെയ്‌തു. സമ്പദ്‌വ്യവസ്ഥയെ പിന്തുണച്ച് പുരോഗതി ത്വരിതപ്പെടുത്താൻ വലിയ പ്രതീക്ഷയോടെയാണ് പുതുവർഷം ആരംഭിക്കുന്നത്; അദ്ദേഹം പറയുന്നു.
ഒക്ടോബർ നയത്തിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ പണപ്പെരുപ്പ തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഫ്ലെക്‌സിബിൾ ഇൻഫ്ലേഷൻ ടാർഗെറ്റിംഗ് സ്വീകരിച്ചതിന് ശേഷം ആദ്യമായി പണപ്പെരുപ്പം അഭൂതപൂർവമാംവിധം താഴ്ന്ന നിലയിലെത്തിയെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications