ബിഹാറിൽ 18 മന്ത്രിസ്ഥാനത്തിനായി ആർജെഡി; ജെഡിയുവിന് 14, വഴങ്ങുമോ നിതീഷ്? ചർച്ച ഇങ്ങനെ
ദില്ലി: ബിജെപി ബന്ധം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് കഴിഞ്ഞ ദിവസമാണ് ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയത്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർ ജെ ഡി നേതാവ് തേജസ്വി യാദവുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടെയും കാര്യത്തിൽ ആഗസ്ത് 15 ന് മുൻപ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് അറിയിച്ചത്. ജെഡിയുവിനും ആർജെഡിക്കും പുറമെ കോൺഗ്രസിനും മറ്റ് ചെറുപാർട്ടികൾക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ

ആർ ജെ ഡിക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യാനായി പിതാവ് ലാലു പ്രസാദ് യാദവുമായി തേജസ്വി കൂടിക്കാഴ്ച നടത്തിയിരുന്നു. 35 അംഗ മന്ത്രിസഭയിൽ 18 മന്ത്രിസ്ഥാനങ്ങളാണ് ആർ ജെ ഡി ആവശ്യപ്പെട്ടേക്കുക. നിതീഷ് മുഖ്യമന്ത്രിയായെങ്കിലും സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്നും അതിനാൽ കൂടുതൽ മന്ത്രിസ്ഥാനം തങ്ങൾക്ക് വേണമെന്നുമാണ് ആർജെഡി നിലപാട്. എന്നാൽ ഇത് പൂർണമായി നിതീഷ് അംഗീകരിച്ചേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

14 വരെ മന്ത്രിസ്ഥാനങ്ങളാണ് നിതീഷ് ആർജെഡിക്ക് നൽകുന്ന ഉറപ്പ്. കോൺഗ്രസിന് മൂന്നോ നാലോ എച്ച്എഎമ്മിന് ഒന്ന് എന്നിങ്ങനെയാണ് ചർച്ച. സിപിഐ (എംഎൽ) മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാൽ ഈ നമ്പറുകൾ മാറിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. മന്ത്രിസ്ഥാനം ആവശ്യപ്പെടണമോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം സിപിഐ (എംഎൽ) നേതാക്കൾ യോഗം ചേർന്നിരുന്നു.

ആർജെഡിയിൽ നിന്നും തേജ് പ്രതാപ്, അലോക് മേഹ്ത, അനിത് ദേവി, ഷഹ്നവാസ് അലം, ലളിത് യാദവ്, ചന്ദ്രശേഖർ, കുമാർ സർവജീപ്, അനിൽ സഹ്നി എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ജാതി മത സമവാക്യങ്ങൾ കൂടി പരിഗണിച്ച് കൊണ്ടായിരിക്കും മന്ത്രിമാരെ തിരഞ്ഞെടുക്കുകയെന്നും ആർ ഡെ ഡി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസിൽ നിന്നും മദൻ മോഹൻ ജാ, സി എൽ പി നേതാവ് അജീത് ഷർമ, വിജയ് ശങ്കർ ഡുബെ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പദം ആർ ജെ ഡിയും ജെ ഡി യും തമ്മിൽ പങ്കുവെയ്ക്കുമെന്നാണ് സൂചന. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുമാണ് ധാരണ. ഈ സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് ആവർത്തിക്കുകയാണ് ബി ജെ പി. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനങ്ങൾ കരുതലോടെ വീതം വെയ്ക്കാനാണ് ജെ ഡി യു-ആർ ജെ ഡി നീക്കം. ചെറിയ കല്ലുകടി പോലും ബി ജെ പിക്ക് വടികൊടുക്കുന്നതിന് തുല്യമാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

അതിനിടെ ആഗസ്ത് 24 ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്ന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സ്പീക്കർ വിജയ് കുമാർ സിൻഹ അറിയിച്ചിരുന്നു. സഭ സമ്മേളിക്കുമ്പോൾ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടും. വിശാല സഖ്യത്തിന് 164 എം എൽ എമാരുടെ പിന്തുണയുണ്ട്. 243 അംഗ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണ മാത്രം മതി. എന്നാൽ സ്പീക്കർ വിജയ് സിൻഹ ബി ജെ പി നേതാവാണ്. അദ്ദേഹത്തെ പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം. സ്പീക്കർക്കെതിരെ വിശാല സഖ്യത്തിലെ 55 എം എൽ എമാർ അവിശ്വാസ പ്രമേയം നൽകിയിട്ടുണ്ട്. സ്പീക്കറെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്നാണ് സഖ്യത്തിന്റെ കണക്ക് കൂട്ടൽ. അതേസമയം വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ സിൻഹ രാജിവെച്ചേക്കുമെന്നുള്ള സൂചനകളും ഉണ്ട്












Click it and Unblock the Notifications