കോണ്‍ഗ്രസ് യുപിയില്‍ ദുര്‍ബലമായത് എന്തുകൊണ്ട്? കാരണം കണ്ടെത്തി പ്രിയങ്ക ഗാന്ധി, ഇനി ആവര്‍ത്തിക്കില്ല
ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ കിംഗ് മേക്കറാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയും അത്തരമൊരു പ്രതീക്ഷയിലാണ്. എന്നാല്‍ ഇത്രയും കാലം യുപിയില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമായി എന്നതിനും പ്രിയങ്ക മറുപടി നല്‍കി. കോണ്‍ഗ്രസ് ഇത്രയും കാലം മത്സരിച്ചത് പല സഖ്യങ്ങളിലായിട്ടാണ്. ഇത് പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ തവണത്തെ എസ്പി സഖ്യത്തെ അടക്കം തള്ളിയായിരുന്നു പ്രിയങ്കയുടെ മറുപടി. യുപിയിലെ മത്സരം കടുപ്പമേറിയതാണെന്ന് പ്രിയങ്ക പറയുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സമാജ് വാദി പാര്‍ട്ടിയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

യുപിയിലേത് കടുത്ത പോരാട്ടമാണെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷേ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ അഭിമാനമുണ്ട്. നാനൂറ് സീറ്റില്‍ ഒറ്റയ്ക്കാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഇത്രയും സീറ്റില്‍ മത്സരിക്കുന്നത്. സര്‍വ ശക്തിയും പുറത്തെടുത്താണ് കോണ്‍ഗ്രസ് യുപിയില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പുതിയൊരു തുടക്കമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ദീര്‍ഘകാലമായി യുപിയില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചിരുന്നില്ല. ഇത് വലിയ തിരിച്ചടിയായി കോണ്‍ഗ്രസിന് മാറിയിരുന്നു. ഞങ്ങളുടെ സംഘടനാ അടിത്തറ ദുര്‍ബലമായി. ഇത് സഖ്യമായി മത്സരിച്ചത് കൊണ്ടാണെന്നും പ്രിയങ്ക പറഞ്ഞു.
സഖ്യമായി മത്സരിച്ചത് കാരണം കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കള്‍ക്കൊന്നും മത്സരിക്കാനുള്ള അവസരം ലഭിച്ചില്ല. അത് കോണ്‍ഗ്രസിന്റെ സംഘടനാ ശേഷി ദുര്‍ബലമാക്കി. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരില്ലാതെ ഞാന്‍ ഒന്നുമല്ല. അവര്‍ വളരെ പ്രധാനപ്പെട്ടവരാണ്. തിരഞ്ഞെടുപ്പിന് ശേഷം പുതിയ നേതൃത്വം ഉണ്ടാകും. കോണ്‍ഗ്രസിന് രണ്ടാം നിര നേതാക്കളില്ല എന്ന് പറയുന്നത് തെറ്റാണ്. ഏറ്റവും താഴേ തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. കോണ്‍ഗ്രസ് യുപിയില്‍ അപ്രസക്തമാണെന്ന് കരുതുന്നുണ്ടെങ്കില്‍, ബിജെപിയും എസ്പിയും എന്തിനാണ് ഞങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
യുപിയില്‍ വികസനത്തിലായിരിക്കണം എല്ലാവരും പ്രചാണം നടത്തേണ്ടത്. കോണ്‍ഗ്രസ് അതിലാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാതെ നെഗറ്റീവ് അജണ്ടയില്‍ അല്ല. മതവും ജാതിയും പറഞ്ഞ് വര്‍ഗീയത പടര്‍ത്തി നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് യോഗി ഇപ്പോഴും തൊഴിലില്ലായ്മയെ കുറിച്ചോ വിലക്കയറ്റത്തെ കുറിച്ചോ സംസാരിക്കാത്തത്. ഈ രണ്ട് കാര്യങ്ങളുടെയും ശതമാനമാണ് യോഗി പറയേണ്ടത്. അല്ലാതെ 80-20 പരാമര്‍ശമല്ല നടത്തേണ്ടത്. യുപിയില്‍ ഭരണമൊന്നും നടക്കുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ തൊഴിലവസരങ്ങള്‍ ധാരാളമുണ്ടാവുമായിരുന്നു. കര്‍ഷകര്‍ക്ക് കൃത്യമായി പണം ലഭിക്കുമായിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷയും ലഭിക്കുമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications