സ്വർണ്ണക്കടത്ത്: ശശി തരൂരിന്റെ പിഎ അറസ്റ്റില്‍, പ്രതികരിച്ച് തരൂർ, ആയുധമാക്കി ബിജെപി
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിന്റെ പിഎ സ്വർണക്കടത്ത് കേസില്‍ അറസ്റ്റില്‍. ശശി തരൂരിന്റെ പിഎ ശിവകുമാറാണ് 500 ഗ്രാം സ്വർണവുമായി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ശിവകുമാറിന്റെ സഹായിയും അറസ്റ്റിലായിട്ടുണ്ട്.
വിദേശത്ത് നിന്നും എത്തിയ ആളില്‍ നിന്നും സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റാണ് താനെന്ന് ശിവകുമാർ തന്നെ അവകാശപ്പെടുകയായിരുന്നുവെന്നാണ് വാർത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാൻ ഡൽഹി എയർപോർട്ടിലെത്തിയതായിരുന്നു ശിവകുമാർ പ്രസാദ്. യാത്രക്കാരൻ പ്രസാദിന് 500 ഗ്രാം സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലാകുകയായിരുന്നു.

"എയർപോർട്ട് പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന ഒരു എയറോഡ്രോം എൻട്രി പെർമിറ്റ് കാർഡ് പ്രസാദിനുണ്ടായിരുന്നു. എയർപോർട്ട് പരിസരത്ത് പ്രവേശിച്ച അദ്ദേഹത്തിന് യാത്രക്കാരനില്‍ നിന്നും ഒരു പാക്കറ്റ് ലഭിച്ചു," എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വാർത്ത തന്നെ ഞെട്ടിച്ചെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
"ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ല, കേസ് അന്വേഷിക്കാൻ ആവശ്യമായ ഏതെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണ്ണമായും ഞാന്‍ പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകണം," ശശി തരൂർ ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു.
എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിൻ്റെ കാര്യത്തിൽ എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന എൻ്റെ സ്റ്റാഫിലെ മുൻ അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ശശി തരൂർ പറഞ്ഞു. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടേയെന്നും ശശി തരൂർ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം,സി പി എമ്മും കോൺഗ്രസും സ്വർണ്ണ കള്ളക്കടത്തുകാരുടെ കൂട്ടാളികളാണെന്നായിരുന്നു റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. "സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട ആദ്യ മുഖ്യമന്ത്രി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി/പിഎ സ്വർണക്കടത്തിന് പിടിയിലായി. സി പി എമ്മും കോൺഗ്രസും, രണ്ട് ഇന്ത്യൻ സഖ്യകക്ഷികളും സ്വർണ്ണ കള്ളക്കടത്തുകാരുടെ കൂട്ടാളികളാണ്" അദ്ദേഹം എക്‌സിൽ കുറിച്ചു.












Click it and Unblock the Notifications