മാതാപിതാക്കൾക്ക് ഒപ്പം സമയം ചെലവഴിക്കാൻ ജീവനക്കാർക്ക് പ്രത്യേക അവധി; പ്രഖ്യാപനവുമായി അസം സർക്കാർ
ഗുവാഹത്തി: മാതാപിതാക്കൾക്ക് ഒപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അസം. നവംബർ മാസത്തിലെ രണ്ട് ദിവസമാണ് പ്രത്യേക അവധിയെടുക്കാൻ അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫീസ് പുറപ്പെടുവിച്ചു. എന്നാൽ ഈ അവധി ചില നിബന്ധനകൾക്ക് വിധേയമാണെന്നും സർക്കാർ അറിയിച്ചു.
വ്യക്തിപരമായ വിനോദങ്ങൾക്കോ ആഘോഷങ്ങൾക്കോ ഈ അവധി ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉത്തരവിൽ പ്രത്യേകം പറയുന്നത്. മാതാപിതാക്കളും, ഭർത്താവിന്റെയോ ഭാര്യയുടേയോ മാതാപിതാക്കളോ ഉള്ളവർ മാത്രമാണ് അവധിക്ക് അർഹരാവുകയെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു അവധി ഏർപ്പെടുത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

"മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ നേതൃത്വത്തിൽ അസം സർക്കാർ, 2024 നവംബർ 6, 8 തീയതികളിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവരുടെ മാതാപിതാക്കളോടോ പങ്കാളികളുടെ മാതാപിതാക്കൾക്ക് ഒപ്പമോ സമയം ചെലവഴിക്കാൻ പ്രത്യേക കാഷ്വൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്" മുഖ്യമന്ത്രിയോട് ഓഫീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
മാതാപിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിന് അനിവാര്യമാണ്. ഒരു ഉത്തമ പൗരനെന്ന നിലയിൽ, നമ്മുടെ മാതാപിതാക്കളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ പറഞ്ഞു.
നവംബർ 7ന് ഛത് പൂജ, നവംബർ 9ന് രണ്ടാം ശനിയാഴ്‌ച അവധി, നവംബർ 10ന് ഞായർ എന്നിവയ്‌ക്കൊപ്പം അവധികൾ പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ഇത് പ്രയോജനപ്പെടുത്താമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2021ൽ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സർക്കാർ ജീവനക്കാർക്കായി മാതാപിതാക്കൾക്കും അവരുടെ പങ്കാളികളുടെ മാതാപിതാക്കൾക്കും ഒപ്പം സമയം ചെലവഴിക്കുന്നതിനുള്ള രണ്ട് പ്രത്യേക കാഷ്വൽ അവധികൾ അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.
മാതാപിതാക്കൾ അവരുടെ വാർധക്യ കാലത്ത് നേരിടുന്ന ഒറ്റപ്പെടലും വിഷാദവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു നീക്കത്തിന് മുതിർന്നത്. പുതിയ തീരുമാനം വയോധികർക്ക് വലിയ രീതിയിൽ ഗുണകരമാവും എന്നാണ് വിലയിരുത്തൽ. തീരുമാനത്തിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് പദ്ധതിക്ക് അനുകൂലമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications