ആര്യ പ്രതിയായ കേസില്‍ ട്വിസ്റ്റ്; നടനെ ചോദ്യം ചെയ്ത പിന്നാലെ 2 പേര്‍ അറസ്റ്റില്‍, തെളിഞ്ഞത് ഇങ്ങനെ...
ചെന്നൈ: തമിഴ് സൂപ്പര്‍ താരം ആര്യയ്‌ക്കെതിരായ കേസില്‍ ട്വിസ്റ്റ്. പോലീസിന്റെ നിര്‍ണായക നീക്കങ്ങള്‍ യഥാര്‍ഥ പ്രതികളിലേക്ക് എത്തിച്ചു. ആര്യയുടെ പേരില്‍ യുവതിയെ കബളിപ്പിച്ച് പണം തട്ടിയത് മറ്റു രണ്ടുപേര്‍. 65 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ശ്രീലങ്കന്‍ വംശജയായ യുവതി നല്‍കിയ പരാതിയില്‍ ആര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നടനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യുകയുമുണ്ടായി.
പിന്നീടാണ് പോലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നത്. താരത്തെ മറയാക്കി മറ്റു ചിലരാണ് യുവതിയില്‍ നിന്ന് പണം തട്ടിയതെന്ന് ബോധ്യപ്പെട്ടു. ഇവരെ വൈകാതെ അറസ്റ്റ് ചെയ്തു. ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു സംഭവങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

നടന്‍ ആര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ജര്‍മനയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വംശജയായ യുവതി വിദ്ജയാണ് പരാതിക്കാരി. ഓണ്‍ലൈന്‍ വഴിയാണ് അവര്‍ പോലീസിന് പരാതി നല്‍കിയത്. ഈ മാസം 10നാണ് ആര്യയെ ചെന്നൈ സൈബര്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

ആര്യ തന്റെ 70 ലക്ഷം രൂപ തട്ടി എന്നാണ് വിദ്ജയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയതത്രെ. ആര്യയുമായുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിദ്ജ പോലീസിന് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു ആര്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്ത ശേഷം പോലീസ് ചില നിഗമനങ്ങളിലെത്തി.

പോലീസ് ഓഫീസര്‍ ഗീതയുടെ നേതൃത്വത്തിലായിരുന്നു ആര്യയെ ചോദ്യം ചെയ്തത്. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുഖേനയാണ് വിദ്ജ ആര്യക്കെതിരെ പരാതി നല്‍കിയത്. കേസ് കോടതി പരിഗണിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജഡ്ജി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ആര്യയെ ചോദ്യം ചെയ്തത്. ആര്യയുടെ പേര് സംഭവത്തില്‍ ദുരുപയോഗം ചെയ്തതാണ് എന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

നടി സയ്യേഷ സൈഗാള്‍ ആണ് ആര്യയുടെ ഭാര്യ. 2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. ഇവര്‍ക്ക് അടുത്തിടെ ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഗജിനികാന്ത് എന്ന സിനിമയില്‍ ആര്യയും സയ്യേഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും. സയ്യേഷയുമായുള്ള വിവാഹം കഴിഞ്ഞ ശേഷമാണ് വിദ്ജയുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നത്.

വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാണ് ആര്യ പണം കൈവശപ്പെടുത്തിയത്. സയ്യേഷയുടെ മാതാപിതാക്കള്‍ തന്റെ കടം വീട്ടുമെന്ന് ആര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അതിനാലാണ് വിവാഹത്തിന് സമ്മതിച്ചത്. ആറ് മാസത്തനകം സയ്യേഷയെ വിവാഹ മോചനം നടത്തി തന്നെ വിവാഹം ചെയ്യുമെന്നും ആര്യ പറഞ്ഞിരുന്നു- ഇതെല്ലാമായിരുന്നു വിദ്ജയുടെ വാദങ്ങള്‍.

ആര്യ ഈ സംഭവങ്ങള്‍ അറിഞ്ഞിട്ടേയില്ല. വിദ്ജ പറഞ്ഞതിലും കാര്യമുണ്ട് എന്ന് പോലീസ് സംശയിച്ചു. ഇതിന് ശേഷമാണ് കബളിപ്പിക്കല്‍ നടന്നോ എന്ന് പോലീസ് പരിശോധിച്ചത്. അവിടെയാണ് കേസിന്റെ ഗതി മാറിയത്. ഇരുവരുടെയും ചാറ്റ് നടന്നുവെന്ന് പറയുന്ന കംപ്യൂട്ടറിന്റെ ഐപി അഡ്രസ് പോലീസ് പരിശോധിച്ചു. മാത്രമല്ല, പണം കൈമാറിയ വഴികളും കണ്ടെത്തി. ഇതോടെയാണ് മറ്റുചിലരുടെ സാന്നിധ്യം തെളിഞ്ഞത്.
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പുലിയന്‍തോപ്പ് സ്വദേശികളായ രണ്ടു യുവാക്കളാണ് കേസില്‍ അറസ്റ്റിലായത്. മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈനി എന്നിവരെ പിടികൂടി. ഇവര്‍ ആര്യയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് യുവതിയില്‍ നിന്ന് പണം തട്ടുകയായിരുന്നുവത്രെ. പ്രതികളുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications