'സംസ്ഥാനം സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിതമായി..'; തെലങ്കാന ഗവർണറുടെ പരാമർശം വിവാദമാവുന്നു...
ഹൈദരാബാദ്: കെസിആർ നേതൃത്വം നൽകിയ മുൻ ബിആർഎസ് സർക്കാരിനെതിരെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ നടത്തിയ പരാമർശം വിവാദമാവുന്നു. വെള്ളിയാഴ്‌ച നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾ "സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് സ്വയം മോചിതരായി" എന്ന് പറഞ്ഞതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ, തെലങ്കാനയിലെ ജനങ്ങൾ പത്ത് വർഷത്തെ അടിച്ചമർത്തലിൽ നിന്ന് മോചിതരാകാനുള്ള തീരുമാനം എടുത്തതായും അവർ പറഞ്ഞു. "സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളിൽ നിന്നും തെലങ്കാന മോചിതമായിരിക്കുന്നു. ഒരു അടിച്ചമർത്തലും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനവിധി അടിവരയിടുന്നു. ഈ വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യ ഭരണത്തിനും അടിത്തറ പാകും" ഗവർണർ ചൂണ്ടിക്കാട്ടി.

"അവരുടെ സന്ദേശം വ്യക്തവും ഉച്ചത്തിലുള്ളതുമാണ്. ജനങ്ങളുടെ കൂട്ടായ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു," അവർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടിയും, മുൻ സർക്കാരിന് നേതൃത്വം നൽകുകയും ചെയ്‌ത ബിആർഎസിന്റെ നിരവധി നേതാക്കൾ രംഗത്ത് വന്നു. ഗവർണർ രാഷ്‌ട്രീയം പറഞ്ഞുവെന്നാണ് ബിആർഎസ് ആരോപണം.
മുൻപ് കെ ചന്ദ്രശേഖർ റാവു മുഖ്യമന്ത്രിയായിരിക്കെ തന്നെ ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. ഇതിന് തുടർച്ചയായാണ് ഭരണം മാറിയിട്ടും മുൻ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ഗവർണർ വിമർശനം ഉന്നയിക്കുന്നത്.
"ഗവർണറുടെ പ്രസംഗം തെലങ്കാനയുടെ വിമോചനത്തെക്കുറിച്ചുള്ളതാണ് എന്നത് വിരോധാഭാസമാണ്." ഗവർണറുടെ പ്രസ്‌താവനയോട് ബിആർഎസ് നേതാവ് കൃശാങ്ക് പ്രതികരിച്ചു. "ഗവർണറോ മുഖ്യമന്ത്രിയോ തെലങ്കാന സമരകാലത്ത് ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. രണ്ടുപേരും ഒരു ലാത്തി അടിയോ കണ്ണീർ വാതക ഷെല്ലോ നേരിട്ടിട്ടില്ല, പോലീസ് കേസ് പോലും അവർക്കെതിരെയില്ല" കൃശാങ്ക് എക്‌സ് പോസ്‌റ്റിലൂടെ മറുപടി നൽകി.
119 അംഗ സംസ്ഥാന അസംബ്ലിയിൽ 64 സീറ്റുകളോടെയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയത്. ഭരണകക്ഷിയായ ബിആർഎസിന് പക്ഷേ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കുന്നത്. ശേഷം രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാനത്ത് അദ്ദേഹം പൊളിച്ചെഴുത്തുകൾ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് പ്രഗതി ഭവന്‍ എന്നത് മാറ്റി പ്രജാ ഭവന്‍ എന്നാക്കി മാറ്റിയിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയും ചെയ്‌തിരുന്നു. ഇക്കാര്യം ഉൾപ്പെടെ ഗവർണർ ഇന്നലെ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications