സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്നു; പിന്‍ഗാമിയായി സഞ്ജയ് ഖന്നയെ നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് പിന്‍ഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തിയേക്കും. ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ ഖന്നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. സുപ്രീം കോടതിയിലെ നിലവിലുള്ള ഏറ്റവും മുതിര്‍ന്ന ജഡ്ജാണ് സഞ്ജീവ് ഖന്ന.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാലാവധി കഴിയുന്ന ചീഫ് ജസ്റ്റിസിനോട് ഈ വിഷയത്തില്‍ അഭിപ്രായം തേടിയിരുന്നു. ഡിവൈ ചന്ദ്രചൂഡിനോട് ആരെയാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. നവംബര്‍ എട്ടിനാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്നത്. രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാല്‍ ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി നിയമിതനാവും. ആറ് മാസമായിരിക്കും ഖന്നയുടെ കാലാവധി. 2025 മെയ് 13നാണ് കാലാവധി അവസാനിക്കുക. അഭിഭാഷകനെന്ന നിലയില്‍ സേവനം ആരംഭിച്ചതാണ് ജസ്റ്റിസ് ഖന്ന. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അറിയപ്പെടുന്ന ജഡ്ജാണ് അദ്ദേഹം.
1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിലായിരുന്നു അദ്ദേഹത്തിന്റെ എന്റോള്‍മെന്റ്. തീസ് ഹസാരി ജില്ലാ കോടതിയിലായിരുന്നു ലീഗല്‍ കരിയര്‍ അദ്ദേഹം ആരംഭിച്ചത്. വൈകാതെ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായി അദ്ദേഹം വളര്‍ന്നു. വിവിധ ട്രിബ്യൂണലുകളുടെ ഭാഗമായി അദ്ദേഹം മാറി. നിയമപരമായ മേഖലയില്‍ അദ്ദേഹം വൈദഗ്ധ്യവും ആത്മസമര്‍പ്പണവും അദ്ദേഹം തുടക്കം മുതല്‍ പ്രകടിപ്പിച്ചിരുന്നു.
2005ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായി അദ്ദേഹത്തിന് സ്ഥാനക്കയറ്റംലഭിച്ചിരുന്നു. അതേ വര്‍ഷം തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായും അദ്ദേഹം സ്ഥാനം ഉറപ്പിച്ചു. നിയമമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സഞ്ജീവ് ഖന്നയുടെ കാലയളവ് ശ്രദ്ധേയമായിരുന്നു.
വിവിധ നിയമ സ്ഥാപനങ്ങളുടെ ജഡ്ജ് ഇന്‍ ചാര്‍ജും, ചെയര്‍മാനുമായിട്ടെല്ലാം അദ്ദേഹം തിളങ്ങി. ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി, ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ഡിസ്ട്രിക്ട് കോര്‍ട്ട് മീഡിയേഷന്‍ സെന്ററുകള്‍ എന്നിവയില്‍ എല്ലാം ജസ്റ്റിസ് ഖന്നയുടെ സേവനമുണ്ടായിരുന്നു.
2019 ജനുവരി 18നാണ് ജസ്റ്റിസ് ഖന്ന സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് ജഡ്ജിയായി എത്തുന്നത്. ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസാവാതെ സുപ്രീം കോടതിയിലെ ജഡ്ജാവുന്ന ചുരുക്കം ചില ജഡ്ജുമാരില്‍ ഒരാളെന്ന നേട്ടവും ജസ്റ്റിസ് ഖന്നയ്ക്കുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയത് ഖന്നയുടെ സുപ്രധാന വിധിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ പ്രചാരണം നടത്തുന്നത് ഈ ജാമ്യത്തിലാണ്.
ഡല്‍ഹി മുഖ്യന്ത്രി മനീഷ് സിസോദിയയുടെ ജാമ്യത്തിലെ നിര്‍ണായക വിലയിരുത്തലുകളും ജസ്റ്റിസ് ഖന്നയില്‍ നിന്നുണ്ടായിരുന്നു. കള്ളപണം തടയല്‍ നിയമത്തില്‍ വരുന്ന കേസുകളില്‍ നിയമനടപടികള്‍ വൈകുന്നത് കൊണ്ടാണ് ജാമ്യവും വൈകുന്നതെന്ന് ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ഖന്നയുമുണ്ടായിരുന്നു.












Click it and Unblock the Notifications