ബിജെപി ബന്ധത്തെ എതിര്‍ത്ത ഒരേയൊരു നേതാവ്..; എന്‍സിപിയെ നയിക്കാന്‍ ഇനി സുപ്രിയ?
എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുകയാണ് എന്ന് ശരദ് പവാറിന്റെ പ്രഖ്യാപനം വലിയ അമ്പരപ്പോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കേട്ടത്. കഴിഞ്ഞ വര്‍ഷം എന്‍സിപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പവാറിന് ഇനിയും അധ്യക്ഷ സ്ഥാനത്ത് മൂന്ന് വര്‍ഷം ബാക്കിയുണ്ട്. എന്നാല്‍ ഇന്നലെ തന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ ആണ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്.
1999 ല്‍ എന്‍സിപി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത് ശരദ് പവാറാണ്. അധികം വെകാതെ എന്‍സിപി ഒരു ദേശീയ പാര്‍ട്ടി പദവിയും സ്വന്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ശരദ് പവാര്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. മഹാരാഷ്ട്രക്ക് പുറത്ത് കേരളം, നാഗാലാന്റ്, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ എന്‍സിപിക്ക് എംഎല്‍എമാരുണ്ട്.

അടുത്തിടെയാണ് എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. അതിനാല്‍ തന്നെ ശരദ് പവാര്‍ സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പവാര്‍ തിരിച്ച് വരണം എന്ന് എന്‍സിപി പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. തീരുമാനത്തില്‍ നിന്ന് പവാര്‍ വ്യതിചലിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
അതേസമയം പവാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ പിന്‍ഗാമി ആരായിരിക്കും എന്നതിനെ ചൊല്ലിയും ഇതിനോടകം നിരവധി ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അജിത് പവാര്‍ ബിജെപി ചായ്‌വ് പ്രകടിപ്പിക്കുന്നതിനാല്‍ പ്രവര്‍ത്തകരില്‍ പലരും അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അതിനാല്‍ തന്നെ പവാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ മകളായ സുപ്രിയ വരുന്നതിനായിരിക്കും പ്രവര്‍ത്തകര്‍ക്ക് താല്‍പര്യം.
ബാരാമതിയില്‍ നിന്ന് മൂന്ന് തവണ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയ സുപ്രിയ സുലെ ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി വളരെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി പാര്‍ട്ടിയിലെ സുപ്രിയ സുലെയുടെ വളര്‍ച്ചക്ക് ശരദ് പവാറും പിന്തുണ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രധാന തീരുമാനങ്ങളില്‍ പലതിലും സുപ്രിയ സുലെയും പങ്കാളിയാണ്. മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകരോടും സുപ്രിയ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ജില്ലകളിലുടനീളം സുപ്രിയ സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. കേന്ദ്ര സര്‍ക്കാരിനെയും ഷിന്‍ഡെ-ഫഡ്നാവിസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിക്കാന്‍ സുപ്രിയ സുലെ മറക്കാറില്ല. 2020 ല്‍ മറാത്തി ദിനപത്രമായ ലോക്മാറ്റിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ ഭാവിയില്‍ പാര്‍ട്ടിയില്‍ വലിയ പങ്ക് വഹിക്കും എന്ന് ശരദ് പവാര്‍ സൂചിപ്പിച്ചിരുന്നു.
അവര്‍ക്ക് ദേശീയ രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ താല്‍പ്പര്യമുണ്ട്. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അവരെ തേടിയെത്തി. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പ്പര്യ മേഖലയുണ്ട്. അത് തന്നെയാണ് അവളും ചെയ്യുന്നത് എന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞിരുന്നത്. അതേസമയം പാര്‍ട്ടിയില്‍ സംഘടനാ ചുമതല വൈകാതെ വിഭജിച്ച് നല്‍കും എന്നാണ് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന എന്‍സിപി നേതാവ് പറയുന്നത്.
സുപ്രിയ സുലെയ്ക്കും അജിത് പവാറിനും വ്യക്തമായ റോളുകള്‍ നിര്‍വചിക്കാന്‍ ശരദ് പവാര്‍ സാഹിബ് ആഗ്രഹിക്കുന്നു. ഭാവിയില്‍ പാര്‍ട്ടിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇതാണ് അനുയോജ്യമായ സമയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരുമായി കൈകോര്‍ക്കുക എന്ന ആശയത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ എതിര്‍ത്തത് സുപ്രിയ ആണെന്ന് മറ്റൊരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.
ഒരു കൂട്ടം മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ അതിനായി ശ്രമിച്ചിട്ടും അവര്‍ നിലപാടില്‍ ഉറച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു. പവാര്‍ തന്റെ മകളും മരുമകനുമായ അജിത് പവാറും സംസ്ഥാന എന്‍സിപി മേധാവി ജയന്ത് പാട്ടീലും ഉള്‍പ്പെടെ നിരവധി യുവ നേതാക്കളെ വളര്‍ത്തിയിട്ടുണ്ട്. അവരെല്ലാം പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളാണ്. എന്നാല്‍, ആരായിരിക്കും നേതൃസ്ഥാനം ഏറ്റെടുക്കുകയെന്ന് വ്യക്തമല്ല
ഒരു കാലഘട്ടത്തില്‍, അജിത് പവാര്‍ പാര്‍ട്ടിയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇതിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. 2006 സെപ്തംബറില്‍ രാജ്യസഭാ എം പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സുപ്രിയ സുലെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് 2009-ല്‍, അതുവരെ പവാര്‍ പ്രതിനിധീകരിച്ചിരുന്ന ബാരാമതി ലോക്‌സഭാ മണ്ഡലം സുപ്രിയ ഏറ്റെടുത്തു.












Click it and Unblock the Notifications