തമിഴ്‌നാട്ടിൽ എല്ലാം കലങ്ങി തെളിയുമോ? സീറ്റ് വിഭജനത്തിൽ സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി കെസി വേണുഗോപാൽ
ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് തമിഴ്‌നാട്ടിൽ. ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾക്കിടെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയിരിക്കുകയാണ്. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൽ (എസ്‌പിഎ) കോൺഗ്രസിന് അനുവദിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ചയെന്നാണ് വിവരം.
കൂടിക്കാഴ്‌ചയിൽ, കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെസി വേണുഗോപാലും ഛത്തീസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോയും പങ്കെടുത്തു. ഡിഎംകെയ്ക്ക് വേണ്ടി എംകെ സ്‌റ്റാലിനും സഹോദരി കനിമൊഴി കരുണാനിധിയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. നിലവിൽ തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചർച്ചകൾ എവിടെയും എത്താത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കെസി വേണുഗോപാലിനൊപ്പം എത്തിയ എഐസിസി ഇൻചാർജ് ഗിരീഷ് ചോദങ്കർ, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെ. സെൽവ പെരുന്തഗൈ എന്നിവരെ ചർച്ചകളിൽ നിന്ന് മാറ്റി നിർത്തിയെന്നാണ് വിവരം. അധികാരം പങ്കിടൽ, സീറ്റ് വിഭജനം തുടങ്ങിയ വിഷയങ്ങളിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് ഈ നിർണായക കൂടിക്കാഴ്‌ച നടന്നത്. ഇത് ചർച്ചകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്ന സ്‌റ്റാലിന്റെ പ്രസ്‌താ വനയ്ക്കും കോൺഗ്രസിന്റെ ഈ ആവശ്യം നിരസിച്ചതിനും പിന്നാലെയാണ് സംഭവം. ഇരുപത് വർഷം പഴക്കമുള്ള സഖ്യത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി വിലയിരുത്തുന്ന ചോദങ്കറുമായി ചർച്ചകൾക്ക് ഡിഎംകെ തയ്യാറായിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനാലാണ് കോൺഗ്രസിനായി വേണുഗോപാൽ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ഹൈക്കമാൻഡ് കൊടുത്തുവിട്ട 'മുദ്രവെച്ച കവർ' കോൺഗ്രസ് സംഘം സ്‌റ്റാലിന് കൈമാറിയതായും സൂചനയുണ്ട്. എന്തായാലും ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്‌ചയിലും സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നതാണ് വിവരം. ഒരാഴ്‌ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുപ്പതിലധികം നിയമസഭാ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, 2021-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളായിരുന്നത് 27 അല്ലെങ്കിൽ 28 സീറ്റുകളാക്കി ഉയർത്താനാണ് ഡിഎംകെ തയ്യാറാകുന്നത്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസ് തേടുന്നുണ്ട്.
അതേസമയം, ഡിഎംകെ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഔപചാരികമായി ആരംഭിച്ച ദിവസമാണ് വേണുഗോപാലും സ്‌റ്റാലിനും കൂടിക്കാഴ്ച നടത്തിയത്. മുസ്‌ലിം ലീഗ് ആയിരുന്നു ഡിഎംകെയുടെ സീറ്റ് വിഭജന സമിതിയുമായി ആദ്യം ചർച്ച നടത്തിയത്. സഖ്യത്തിന്റെ താൽപര്യങ്ങൾ മുൻനിർത്തി 2021-നേക്കാൾ കുറഞ്ഞ സീറ്റുകൾ സ്വീകരിക്കാനാണ് ലീഗിനോട് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications