കെസിആറിനെയും രേവന്തിനെയും വീഴ്ത്തി; തെലങ്കാനയിൽ കറുത്ത കുതിരയായി ബിജെപിയുടെ രമണ റെഡ്ഢി
ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ ഫലങ്ങൾ വന്നപ്പോൾ ബിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവും, കോൺഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളുമായ രേവന്ത് റെഡ്ഢിയും കാമറെഡ്ഢി മണ്ഡലത്തിൽ തോൽവി വഴങ്ങി. ബിജെപിയുടെ കെ വെങ്കട്ട രമണ റെഡ്ഡിയോടാണ് ഇരുവരും പരാജയപ്പെട്ടത്.
അതേസമയം, ഗജ്‌വേലിൽ കെസിആർ ലീഡ് ചെയ്യുന്നുണ്ട്. മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കൊടങ്കലിൽ രേവന്ത് റെഡ്ഡി വിജയിക്കുകയും ചെയ്‌തു. ഇരു നേതാക്കളും അട്ടിമറി മുന്നിൽ കണ്ട് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ തെലങ്കാനയുടെ രാഷ്‌ട്രീയ ചിത്രം തന്നെ മാറിയേനെ. കാമറെഡ്ഢി മണ്ഡലത്തിൽ കെസിആറും രേവന്തും തമ്മിലാവും മത്സരം എന്നായിരുന്നു പൊതുവെയുള്ള ധാരണ.

എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തിയാണ് ഇരു നേതാക്കളെയും അട്ടിമറിച്ചു കൊണ്ട് ബിജെപിയുടെ ശക്തനായ സ്ഥാനാർഥി കെടി രമണ റെഡ്ഢി വരവറിയിച്ചത്. മത്സരം ചിത്രം തെളിയുമ്പോൾ കെസിആർ രമണ റെഡ്ഢിക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌തപ്പോൾ, കോൺഗ്രസ് വൻ നേട്ടമുണ്ടാക്കിയതിന്റെ പിന്നിലെ പ്രധാനിയായ രേവന്ത് റെഡ്ഢി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, തെലങ്കാനയിൽ ബിജെപി നില മെച്ചപ്പെടുത്തുകയാണ്. 8 സീറ്റുകളിലാണ് പാർട്ടി ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ കാമറെഡ്ഢി മണ്ഡലത്തിൽ മുഖ്യമന്ത്രി കെസിആറിനെയും, കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢിയെയും തകർത്തതോടെ പാർട്ടിക്ക് കൂടുതൽ ആത്മവിശ്വം കൈവരുമെന്ന ഉറപ്പാണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഫലമാണ്. തെലങ്കാന തിരഞ്ഞെടുപ്പ് അതിന്റെ 'മിഷൻ സൗത്ത്' പദ്ധതിയുടെ ആദ്യ ചുവടുവെപ്പായിരുന്നു. അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അവസരം. നിലവിൽ, രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമില്ല, പരമ്പരാഗതമായി അവിടം പിടിച്ചെടുക്കുക പാർട്ടിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിലാണ് തെലങ്കാന തിരഞ്ഞെടുപ്പിൽ അവർ മുണ്ടും മടക്കി കുത്തി ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി മേധാവി ജെപി നദ്ദ എന്നിവരെ പ്രചാരണത്തിൽ അണിനിരത്തി.
എങ്കിലും തിരിച്ചുവരവ് കടുത്ത നിരാശാജനകമാണ്; സംസ്ഥാനത്തെ 119 സീറ്റുകളിൽ കോൺഗ്രസ് 64 സീറ്റുകളിലും ബിആർഎസ് 39 സീറ്റുകളിലും ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്യുമ്പോൾ. ബിജെപിക്ക് വെറും എട്ട് സീറ്റുകൾ മാത്രമേ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുള്ളു. എന്നാൽ കാമ റെഡ്ഢിയിലെ വിജയം പാർട്ടിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.












Click it and Unblock the Notifications