'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, രാഹുൽ ബിഎംഡബ്ല്യൂ ഓടിച്ചു കളിക്കുകയാണ്'; ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് എംപി ജോൺ ബ്രിട്ടാസ്. തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന നിർണായക സമയത്ത് രാഹുൽ വിദേശ പര്യടനത്തിന് പോയതിലാണ് ബ്രിട്ടാസിന്റെ വിമർശനം. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണമെന്നും ജനവിരുദ്ധ ബില്ല് പാർലമെന്റിൽ വരുമ്പോൾ പ്രതിപക്ഷ നേതാവ് എവിടെയായിരുന്നുവെന്നും
ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു.
രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിച്ചത് ഡിഎംകെയിലെ ടിആർ ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടർ നേരത്തേ അറിയാവുന്നതല്ലേ? കുടിലതന്ത്രങ്ങൾ ബിജെപി നടപ്പിലാക്കും എന്നറിയാവുന്നതല്ലേ? ബ്രിട്ടാസ് ന്യൂഡൽഹിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു. കോൺഗ്രസ് അംഗങ്ങൾക്കെതിരെ നേരത്തേയും പരാതി വന്നിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് വിമർശനം ഉന്നയിച്ചു.

ജനവിരുദ്ധ ബില്ല് പാർലമെന്റിൽ പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി ബിഎംഡബ്ള്യൂ ബൈക്ക് ഓടിക്കുകയായിരുന്നു. ഒരാഴ്‌ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ? ബിഎംഡബ്ല്യൂ കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ? എന്നായിരുന്നു ജോൺ ബ്രിട്ടാസ് ചോദിച്ചത്. അങ്ങനെ ബിഎംഡബ്‌ള്യു ഒരാഴ്‌ച കൊണ്ട് പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ട്. ഇത്തരം ജനവിരുദ്ധ ബില്ലുകൾ എതിരെ മുന്നിൽനിന്നുകൊണ്ട് പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ബില്ലിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തില്ലെന്ന് വരുന്നത് വലിയൊരു കളങ്കമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊപ്പിയിൽനിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് പല നിയമ നിർമ്മാണങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. കൂടിയാലോചനയോ ചർച്ചകളോ ഇല്ലാതെ ബില്ലുകൾ പാസാക്കുന്നുവെന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നന്നായി അറിയാം. ഇത്രയും പ്രധാനപ്പെട്ട സംഭവികാസങ്ങൾ നടക്കുമ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നൽകണം എന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് പോലും രണ്ട് അഭിപ്രായമില്ല.
പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന മൂന്ന് ബില്ലുകൾ ദോശ ചുട്ടെടുക്കുന്നത് പോലെയല്ലേ പാർലമെന്റിൽ ചുട്ടെടുത്തത്. രാഹുൽ ഗാന്ധിയെ പോലെ ജനപ്രീതിയുള്ള നേതാവ് പ്രതിപക്ഷത്തെ നയിക്കുന്ന രീതിയിൽ പാർലമെന്റിൽ ഉണ്ടായിരുന്നെങ്കിൽ, തെരുവിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിയിരുന്നെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വിഷയം ശ്രദ്ധിക്കുമായിരുന്നില്ലേയെന്നും ബ്രിട്ടാസ് ചോദിച്ചു.
അതേസമയം, പാർലമെന്റിൽ ശീതകാല സമ്മേളനം നടക്കുന്ന വേളയിലും അഞ്ച് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ജർമനിയിലായിരുന്നു. ബുധനാഴ്‌ച മ്യൂണിക്കിലെ ബിഎംഡബ്ള്യൂ നിർമാണശാല അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോൺ ബ്രിട്ടാസ് രാഹുലിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു രംഗത്ത് വന്നത്.












Click it and Unblock the Notifications