തിരുപ്പതി അപകടം; മാപ്പ് പറഞ്ഞ് ക്ഷേത്ര ട്രസ്‌റ്റ്; മുഖ്യമന്ത്രി ഇന്ന് പരിക്കേറ്റവരെ കാണും, ദുഃഖമറിയിച്ച് മോദി
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായത് കൂടുതൽ ആളുകൾ ഒത്തുചേർന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായണൻ റുയിയ സർക്കാർ ജനറൽ ആശുപത്രിയിൽ പരിക്കേറ്റവരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ബിആർ നായിഡു വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നൽകുമെന്നും പറഞ്ഞു. മരണപെട്ടവരിൽ ചിലർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നും ബിആർ നായിഡു പറഞ്ഞു. ഇതിൽ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ.

സംഭവത്തിൽ മാപ്പ് പറയുന്നതായും ട്രസ്‌റ്റ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടിടിഡി ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി അറിയിച്ചു. ഇന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആരോഗ്യമന്ത്രിയും തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്നാണ് പ്രകാശ് റെഡ്ഡി പറഞ്ഞത്. ദുരന്തത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാഴാഴ്‌ച രാവിലെ 11.45ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെയും അദ്ദേഹം നേരിട്ട് കാണുമെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വിഷയം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ദുഃഖം രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ടവരുടെ വാർത്ത കേട്ട് വളരെ വേദനിച്ചു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു; പ്രധാനമന്ത്രി പറഞ്ഞു.
തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുരന്തത്തെ അപലപിച്ചു.
തിരുപ്പതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ടോടെയാണ് അപകടം നടന്നത്. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടവർ. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. ഇവർ ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ആറ് പേർക്കാണ് ജീവൻ നഷ്‌ടമായത്.
അപകടത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 10 ദിവസത്തെ വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടിക്കറ്റ് വിതരണത്തിനിടെ ആളുകൾ കൗണ്ടറുകളിലേക്ക് ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരക്കിനിടെ വിഷ്‌ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവർക്കാണ് ജീവൻ നഷ്‌ടമായത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്‌തു.












Click it and Unblock the Notifications