മായാവതിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ്; മൂന്ന് നേതാക്കള്‍ 'കൈ' പിടിച്ചു... പ്രമുഖര്‍ ബിജെപിയിലേക്കും
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍ പ്രദേശില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പല നേതാക്കളും പാര്‍ട്ടി മാറുന്ന തിരക്കിലാണ്. പലരും ബിജെപിയില്‍ ചേരുന്നു. ചിലര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നു. മറ്റു ചിലര്‍ കോണ്‍ഗ്രസിലും. വലിയ തിരിച്ചടി ലഭിക്കുന്ന ഒരു പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. കൂടുതല്‍ നേട്ടമുണ്ടാകുന്നതാകട്ടെ ബിജെപിയും.
ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് മുന്‍ മന്ത്രിമാരും എംഎല്‍എമാരും അണികളുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ ഗ്രൗണ്ട് ഒരുങ്ങുന്നു എന്ന തോന്നലാണ് ഇവരുടെ കളംമാറ്റത്തിന് കാരണം. മല്‍സരിക്കാനുള്ള ടിക്കറ്റ് ലക്ഷ്യമിട്ടാണ് പലരുടെയും കളംമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. രസകരമായ യുപി രാഷ്ട്രീയത്തിലെ പുതിയ വാര്‍ത്തകള്‍...

ഉത്തര്‍ പ്രദേശ് ഭരിക്കുന്നവര്‍ക്ക് രാജ്യം ഭരിക്കാമെന്ന ചൊല്ലുണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍. യുപി കോണ്‍ഗ്രസിനൊപ്പം നിന്ന കാലത്ത് രാജ്യം ഭരിച്ചതും കോണ്‍ഗ്രസായിരുന്നു. ബിജെപി യുപിയില്‍ ജയിച്ച വേളയില്‍ കേന്ദ്രത്തിലേക്കുള്ള അവരുടെ വഴിയും എളുപ്പമായി. അതിനിടെ പ്രാദേശിക പാര്‍ട്ടികളായ ബിഎസ്പിയും എസ്പിയും യുപി ഭരിച്ചു എന്നതാണ് മറ്റൊരു കാര്യം.

യുപി ഭരണം നിലനിര്‍ത്തേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന വിഷയമാണ്. 2024ലേക്ക് കളമൊരുക്കുകയാണ് ബിജെപി. യുപിയില്‍ വലിയ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥ് തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സീറ്റുകള്‍ കുറഞ്ഞാലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍.

ഇതിനിടെയാണ് യുപിയിലെ രാഷ്ട്രീയ കളംമാറ്റങ്ങള്‍ സജീവമാകുന്നത്. നേരത്തെ കോണ്‍ഗ്രസിലും സമാജ്‌വാദി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച നേതാവാണ് ജയ് നാരായണ്‍ തിവാരി. യുപിയിലെ മുന്‍ മന്ത്രിയാണ് ഇദ്ദേഹം. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി ശ്രിപാഠി മിശ്രയുടെ അടുത്തയാളുമാണ്.

ഗാസിപൂരിലെ സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്ന വിജയ് മിശ്രയും ബിജെപിയില്‍ ചേര്‍ന്നു. പ്രതാപ്ഗഡില്‍ നിന്നുള്ള മുന്‍ എംഎല്‍എ രാം ശിരോമണി ശുക്ല, ഔറയ്യയിലെ എംഎല്‍എ ആയിരുന്ന മദന്‍ ഗൗതം, അയോധ്യയിലെ എംഎല്‍എ ആയിരുന്ന അഭിമന്യു പ്രതാപ് സിങ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. അതേസമയം, കോണ്‍ഗ്രസിലേക്കും മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള കൂടുമാറ്റം നടക്കുന്നുണ്ട്.

ബിഎസ്പിയുടെ മൂന്ന് നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മായാവതിയുടെ പ്രത്യേക സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗംഗാ റാമും ഇതില്‍പ്പെടും. ഗാസിപൂരിലെ ശിവ പുരാണ്‍ സിങ് ചൗഹാന്‍, ഹര്‍ദോയിലെ രാജ്യവര്‍ധന്‍ സിങ് രാജു എന്നിവരാണ് മറ്റു രണ്ടുപേര്‍. കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഇവരെ സ്വീകരിച്ചു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

ഭയത്തിന്റെ രാഷ്ട്രീയമാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി പയറ്റുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. അവരുടെ നയങ്ങള്‍ ജനവിരുദ്ധമാണ്. അതിനെ എതിര്‍ത്താല്‍ ജയിലിലടയ്ക്കും. മോദി സര്‍ക്കാര്‍ ഏഴര വര്‍ഷവും യോഗി സര്‍ക്കാര്‍ നാലര വര്‍ഷവും ചെയ്തത് ഇതാണെന്നും ലല്ലു കുറ്റപ്പെടുത്തി.

അതേസമയം, കഴിഞ്ഞ തവണ ബിജെപിക്ക് അനുകൂല തരംഗമുണ്ടായ പൂര്‍വാഞ്ചല്‍ മേഖലയില്‍ ഇത്തവണ എസ്പി വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് പൂര്‍വാഞ്ചലില്‍ വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. മാത്രമല്ല, കാര്‍ഷിക നിയമം പിന്‍വലിച്ചതും സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് വരെ തുടരുമെന്ന് യോഗി സര്‍ക്കാരും കേന്ദ്രവും പ്രഖ്യാപിച്ചതും യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അയോധ്യ വിവാദം അടങ്ങിയപ്പോള്‍ മഥുര ക്ഷേത്ര വിവാദം കൊഴുപ്പിക്കാനുള്ള ശ്രമം മറ്റൊരു ഭാഗത്ത് നടക്കുന്നുമുണ്ട്.












Click it and Unblock the Notifications