ചെന്നെെ കവരൈപ്പേട്ടയില്‍ ചരക്കുട്രെയിനുമായി പാസഞ്ചര്‍ കൂട്ടിയിടിച്ചു; കോച്ചുകള്‍ക്ക് തീപ്പിടിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ പാളം തെറ്റി അപകടം. ചെന്നൈ കവരൈപേട്ടയില്‍ മൈസൂര്‍-ദര്‍ബംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്കുട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകളാണ് പാളം തെറ്റിയത്. മൂന്ന് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. അതേസമയം അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ആംബുലന്‍സുകളും അപകടത്തിലേക്ക് എത്തിച്ചിട്ടുണ്ട്. റെയില്‍വേ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ-വിജയാഡ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം റെയില്‍വേ അധികൃതര്‍ ഏകോപിപ്പിക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ ഗതിയിലാക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ട്രെയിനിലെ പാര്‍സല്‍ വാനിനും തീപ്പിടിച്ചതായി റെയില്‍വേയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റ പത്ത് യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കവരൈപ്പേട്ട സ്‌റ്റേഷനിലേക്ക് എത്തിയതിന് പിന്നാലെ എക്‌സ്പ്രസ് ട്രെയിനില്‍ വലിയ കുലുക്കം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
സിഗ്നല്‍ ലഭിച്ചത് പ്രകാരം മെയിന്‍ ലൈനിലൂടെയായിരുന്നു ഈ ട്രെയിന്‍ സഞ്ചരിക്കേണ്ടിയിരുന്നത്. എന്നാല്‍ ലൂപ്പ് ലൈനിലൂടെയാണ് ഈ ട്രെയിന്‍ പ്രവേശിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് ഈ സമയം ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. ഇത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ വന്നിടിക്കുകയായിരുന്നു.
ട്രെയിനിലെ 95 ശതമാനം യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആര്‍ക്കും ഗുരുതര പരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സതേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറും, ചെന്നൈ ഡിവിഷനിലെ ഡിവിഷനല്‍ റെയില്‍വേ മാനേജരും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാരെല്ലാം കൃത്യ സ്ഥലത്ത് എത്തുമെന്ന് ഉറപ്പാക്കും. ട്രെയിനിലെ ഗാര്‍ഡും ക്രൂവും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications