കേന്ദ്ര ബജറ്റ് 2024; ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ഉയർത്തിയേക്കും
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് അടുത്ത് വരികയാണ്. അണിയറയിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഒരുങ്ങുന്നില്ലെന്നാണ് കേന്ദ്ര സർക്കാരുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എങ്കിലും പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട് താനും. അതിൽ പഴയ നികുതി വ്യവസ്ഥയിലെ അധിക നികുതി ഇളവ്, അടൽ പെൻഷൻ യോജന എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സർക്കാരിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കുറഞ്ഞ പരിരക്ഷ തുക ഇരട്ടിയാക്കിയേക്കും എന്നാണ് ലഭ്യമായ വിവരം. ക്യാൻസർ, അവയവ ദാനം തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങൾ നേരിടുന്നതിന് സാമ്പത്തിക സഹായം ആവശ്യമായി വരുന്നത് കണക്കിലെടുത്താണ് സർക്കാർ മാറ്റത്തിന് പദ്ധതിയിടുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.

ഫെബ്രുവരി ഒന്നിന് നടക്കുന്ന ഇടക്കാല കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന പരിരക്ഷ തുക. എന്നാൽ ഇത് 10 ലക്ഷമാക്കി ഉയർത്താനാണ് പദ്ധതിയെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.
'അവയവദാനം, ഉയർന്ന ചെലവുള്ള കാൻസർ ചികിത്സകൾ തുടങ്ങി അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഗുരുതരമായ രോഗങ്ങൾക്കും എബി പിഎംജെഎവൈയുടെ കീഴിൽ കവർ തുക 5 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് അന്തിമരൂപം നൽകാൻ മന്ത്രാലയം ശ്രമിക്കുന്നു. 2023-24 മുതൽ ഒരു കുടുംബത്തിന് പ്രതിവർഷം 10 ലക്ഷം രൂപയായി വർധിപ്പിക്കാനാണ് തീരുമാനം" സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബി പിഎം-ജെഎവൈ) പ്രകാരം ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി 100 കോടിയാക്കാനും കിസാൻ സമ്മാൻ നിധി സ്വീകർത്താക്കൾ, നിർമാണ തൊഴിലാളികൾ, കൽക്കരി ഇതര തൊഴിലാളികൾ, ആശാ തൊഴിലാളികൾ എന്നിവർക്കും ആനുകൂല്യങ്ങൾ നൽകാനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്‌പിറ്റലൈസേഷനായി പ്രതിവർഷം 5 ലക്ഷം രൂപ വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്.












Click it and Unblock the Notifications