പുതുച്ചേരിയിൽ വിജയ്ക്ക് ബ്ലോക്ക്; പൊതുറാലിക്കും റോഡ് ഷോയ്ക്കും അനുമതിയില്ല, ഇതൊരു രാഷ്ട്രീയ സന്ദേശമോ?
ചെന്നൈ: ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ നടത്താനിരുന്ന ടിവികെ പ്രസിഡന്റ് വിജയ്യുടെ പൊതുറാലിക്ക് അനുമതി നിഷേധിച്ച് പോലീസ്. തുറന്ന സ്ഥലത്ത് വച്ചുള്ള പൊതുയോഗം മാത്രമേ അനുവദിക്കൂ എന്ന് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് സത്യ സുന്ദരമാണ് പാർട്ടി ഭാരവാഹികളെ അറിയിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
കലാപ്പേട്ടിൽ നിന്ന് കണ്ണിയാക്കോവിലിലേക്ക് 30 കിലോമീറ്റർ ദൂരമുള്ള ഒരു റാലിയാണ് വിജയ് നേരത്തെ പദ്ധതിയിട്ടത്. റാലിക്കും സോണമ്പാളയം ജലസംഭരണിക്ക് സമീപമുള്ള പൊതുസമ്മേളനത്തിനും അനുമതി തേടി ടിവികെ ഭാരവാഹികൾ കഴിഞ്ഞാഴ്‌ച തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അനുമതി നിഷേധിക്കപ്പെടുമെന്ന സൂചനകളെ തുടർന്ന്, ടിവികെ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അംഗീകാരം അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു.

ടിവികെ ജനറൽ സെക്രട്ടറി ബുസി എൻ ആനന്ദ്, പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി ആദ്യവ് അർജുന, മുൻ എംഎൽഎ വി സാമിനാഥൻ എന്നിവർ സീനിയർ സൂപ്രണ്ടന്റ് ഓഫ് പോലീസ് ആർ കാളിവയനന്റെ ഓഫീസിൽ ചെന്നെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അവർ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി.
വൈകുന്നേരം, മുഖ്യമന്ത്രി നിയമസഭയിൽ ഒരു യോഗം വിളിച്ചു. ഐജി അജിത് കുമാർ സിംഗ്‌ള, ഡിഐജി സത്യ സുന്ദരം, എസ്എസ്‌പി കാളിവയനൻ, മന്ത്രി കെ ലക്ഷ്‍മിനാരായണൻ, എംഎൽഎ കെഎഎസ്‌പി രമേഷ്, ടിവികെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഈ ചർച്ചയിലാണ് ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റാലിക്ക് അനുമതി നൽകാനാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുറന്ന സ്ഥലത്തു നടക്കുന്ന പൊതുയോഗത്തിന് മാത്രമാണ് അനുമതി. നിർദ്ദേശിച്ച തീയതിയിൽ ക്രമീകരണങ്ങൾ നടത്താൻ സമയം കുറവായതിനാൽ അവർക്ക് വേദിയും തീയതിയും തിരഞ്ഞെടുക്കാം' ഡിഐജി സത്യ സുന്ദരം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതുച്ചേരിയിലെ ഇടുങ്ങിയ റോഡുകൾക്ക് വിജയ് നയിക്കുന്ന വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്.
തമിഴ്‌നാട്ടിലുടനീളം ആരാധകവൃന്ദവും മുൻ ഫ്രഞ്ച് കോളനിയിലും വലിയൊരു ആരാധക കൂട്ടായ്‌മയും ഉള്ള വിജയ്ക്ക് പുതുച്ചേരിയിലെ റോഡ് ഷോ തന്ത്രപരമായ നീക്കമായി കണക്കാക്കിയാണ് ആസൂത്രണം ചെയ്‌തിരുന്നത്. പുതുച്ചേരിയിലെ രാഷ്ട്രീയ ഭൂപ്രകൃതി നിലവിൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസ്-ബിജെപി സഖ്യത്തിന്റെയും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെയും ആധിപത്യത്തിലാണ്.
അവിടേക്കാണ് ടിവികെ കൂടി കടന്നുചെല്ലാൻ ആഗ്രഹിക്കുന്നത്. എന്നാൽ വിചാരിച്ചത് പോലെ എളുപ്പമാവില്ല പുതുച്ചേരിയിലേക്കുള്ള ടിവികെയുടെ കടന്നുവരവ് എന്നുറപ്പായി കഴിഞ്ഞു. പ്രത്യേകിച്ച് ഒക്ടോബറിൽ തമിഴ്‌നാട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ മരിച്ച ടിവികെയുടെ കരൂർ റാലിയിലെ അപകടം എല്ലാവരുടെയും മുന്നിൽ ദുസ്വപ്‌നമായി അവശേഷിക്കുന്ന സാഹചര്യത്തിൽ.
ഇതൊരു രാഷ്ട്രീയ സന്ദേശമോ?
വിജയ് പോലീസ് നിർദ്ദേശിച്ചത് പോലെയുള്ള സാധാരണ പൊതുയോഗത്തിൽ പങ്കെടുക്കുമോ അതോ അനുമതികൾ തേടി വീണ്ടും ചർച്ച ചെയ്യാൻ ശ്രമിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ ഈ നടപടി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ വ്യാപ്‌തിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
പ്രത്യേകിച്ച് ബിജെപി പിന്തുണയുള്ള സർക്കാർ ഭരിക്കുന്ന പുതുച്ചേരിയിൽ കൂടിയാവുമ്പോൾ അതിന് മാനങ്ങൾ ഏറെയാണ്. പുതുച്ചേരി സർക്കാരിന്റെ തീരുമാനം വിജയ്ക്കും ടിവികെയ്ക്കും ഉള്ള രാഷ്ട്രീയ സന്ദേശമാണെന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന ടിവികെയുടെ എതിരാളികളാണ് ബിജെപിയും.












Click it and Unblock the Notifications