ആറ് മാസം കൂടി കാത്തിരിക്കൂ; വീണ്ടും ബിജെപി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാതെ എഐഎഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ബിജെപിയുമായി വീണ്ടുമൊരു സഖ്യം ഉണ്ടാക്കാൻ എഐഎഡിഎംകെ ഒരുങ്ങുന്നുവെന്ന സൂചനകൾ നൽകി പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന പളനിസ്വാമി ആറ് മാസം കൂടി കാത്തിരിക്കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടത്.
ഇതോടെ 2026ൽ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്. തമിഴ്‌നാട്ടിലെ സേലത്ത് വച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തുക എന്നതാണ് എഐഎഡിഎംകെയുടെ പ്രാഥമിക ലക്ഷ്യമെന്ന് പളനിസ്വാമി വ്യക്തമാക്കി.

ഞങ്ങളുടെ ഏക ശത്രു ഡിഎംകെയാണ്, മറ്റൊരു പാർട്ടിയുമില്ല. ജനവിരുദ്ധരായ ഡിഎംകെയെ പരാജയപ്പെടുത്തുക എന്നത് ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്, അത് 2026ൽ നടക്കും; പളനിസ്വാമി പറഞ്ഞു. വോട്ടുകൾ ഭിന്നിക്കാതെ ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതോടെയാണ് അടുത്ത സഖ്യ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുന്നത്. പ്രത്യേകിച്ച് വോട്ടുകൾ ഭിന്നിപ്പിക്കാതിരിക്കുക എന്ന എഐഎഡിഎംകെ നയമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ബിജെപിയെ ഒപ്പം നിർത്തി ഡിഎംകെ സർക്കാരിനെ താഴെയിറക്കുകയാണോ മുൻ ഭരണകക്ഷിയുടെ നീക്കമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെ നേരത്തെ ആയിപ്പോയെന്നാണ് എഐഎഡിഎംകെ പറയുന്നത്. ഇതെല്ലാം വെറും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറുമാസത്തിനുശേഷം, ആരാണ് അവിടെയെന്നും ആരാണ് ഇവിടെയൊന്നും ഒക്കെ നിങ്ങൾക്ക് കൃത്യമായി മനസിലാകും; എഐഎഡിഎംകെ തലവൻ പറഞ്ഞു.
അതേസമയം, വർഷങ്ങൾ നീണ്ട ബന്ധം 2023ലാണ് ബിജെപിയും എഐഎഡിഎംകെയും അവസാനിപ്പിച്ചത്. നാടകീയമായിട്ടായിരുന്നു അവർ എൻഡിഎ വിട്ടത്. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സഖ്യമില്ലാതെയാണ് അവർ മത്സരിച്ചത്. എന്നാൽ വരും മാസങ്ങളിൽ വീണ്ടുമൊരു സഖ്യത്തിനുള്ള സാധ്യത തെളിയുന്നുണ്ടെന്നാണ് പളനിസ്വാമിയുടെ വാക്കുകൾ നൽകുന്ന സൂചന.
അതിനിടെ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവുമെന്ന് കരുതുന്ന വിജയുടെ തമിഴ് വെട്രി കടകവുമായി എഐഎഡിഎംകെ സഖ്യത്തിൽ എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. വോട്ടുകൾ ഭിന്നിപ്പിക്കാതെ ഡിഎംകെയെ താഴെയിറക്കുക എന്ന നയവുമായി ഇത് ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗികമായി യാതൊരു വിവരവും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications