'എന്തൊരു ഗിമ്മിക്ക് ആണ് മോദിജി,ഞാൻ ദില്ലിയിൽ തന്നെയുണ്ട്'; പരിഹസിച്ച് സിസോദിയ
ദില്ലി: അഴിമതി കേസിൽ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടാണ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരായ റെയ്ഡെല്ലാം പരാജയപ്പെട്ടെന്നും ഇതെന്തൊരു ഗിമ്മിക്കാണെന്നു സിസോദിയ ട്വീറ്റിൽ കുറിച്ചു.
ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

'നിങ്ങളുടെ റെയ്ഡെല്ലാം പരാജയപ്പെട്ടു,ഒന്നും തന്നെ കണ്ടെത്താനും സാധിച്ചില്ല. ഇപ്പോഴിതാ മനീഷ് സിസോദിയയെ കാണാനില്ലെന്ന് ആരോപിച്ച് പുതിയ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നു. എന്ത് ഗമ്മിക്കാണ് മോദി ജി, ഞാൻ ഇവിടെ ദില്ലിയിൽ തന്നെയുണ്ട്. എന്നെ കാണാൻ സാധിക്കുന്നില്ലേ? എവിടെയാണ് വരേണ്ടതെന്ന് പറയൂ', സിസോദിയ ട്വീറ്റ് ചെയ്തു.

സിബിഐയെ വിമർശിക്കുന്ന മോദിയുടെ പഴയ വീഡിയോയും സിസോദിയ ട്വീറ്റ് ചെയ്തു.'സി.ബി.ഐ റെയ്ഡുകളെ സംബന്ധിച്ച് മോദി പറയുന്നത് ഒന്ന് കേൾക്കണം. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു സത്യം നിങ്ങൾക്ക് നഷ്ടമാകും', എന്ന കുറിപ്പോടെയാണ് ട്വീറ്റ്. മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 12 പേരെ രാജ്യം വിടുന്നത് തടഞ്ഞ് കൊണ്ടാണ് സി ബി ഐ നോട്ടീസ്. നേരത്തേ കേസിൽ സിസോദിയ അടക്കമുള്ളവരെ 12 മണിക്കൂറോളം സി ബി ഐ ചോദ്യം ചെയ്തിരുന്നു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെയാണ് സി ബി ഐ കേസെടുത്തത്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം എന്നാണ് ആം ആദ്മി നേതാക്കൾ ആരോപിക്കുന്നത്.

കെജരിവാൾ സര്ക്കാരിന്റെ നേട്ടം ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ട്. ദേശീയ ബദൽ എന്ന നിലയിൽ ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞെന്നും സിസോദിയ പറയുന്നു. ആം ആദ്മി സർക്കാർ പാവങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോർപറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ നിലകൊള്ളുന്നതെന്നും സിസോദിയ പറഞ്ഞു. 2024 ൽ മോദിയും കെജരിവാളും തമ്മിലാണ് പോരാട്ടമെന്നും സിസോദിയ പറഞ്ഞു.

അതേസമയം സിസോദിയയുടെ വാക്കുകളെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ രംഗത്തെത്തി. ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകുമെന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. അരവിന്ദ് കെജരിവാളിനെ പല സംസ്ഥാനങ്ങളിലും ഉള്ളവർക്ക് അറിയുക പോലുമില്ല. ഇത് ലോക്സഭയിൽ ബി ജെ പിയുടെ സീറ്റുകൾ വർധിപ്പിക്കുമെന്നും ഹിമന്ത പറഞ്ഞു.

'ഏത് കളിയിലായാലും ഒരു പ്രതിപക്ഷം ആവശ്യമാണ്. ഓസ്‌ട്രേലിയക്കെതിരെയും ആരെങ്കിലും കളിക്കേണ്ടതുണ്ട്. മോദിജിയും കെജ്‌രിവാളും തമ്മിൽ നല്ല മത്സരമാകും', ഹിമന്ത പരിഹസിച്ചു. അതേസമയം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബി ജെ പി നീക്കം തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാർട്ടി. സർക്കാർ ജനങ്ങൾക്ക് സൗജന്യ പദ്ധതികൾ ഉറപ്പാക്കുന്നതാണ് ബി ജെ പിയെ അസ്വസ്ഥതപ്പെടുത്തുന്ന പ്രചരണമാകും ആം ആദ്മി ശക്തിപ്പെടുത്തുക.












Click it and Unblock the Notifications