വെടിയുണ്ടയില്‍ അല്ല ബാലറ്റിലാണ് വിശ്വസിക്കുന്നത്, ഒവൈസിക്കെതിരെയുള്ള അക്രമത്തെ തള്ളി യോഗി
ദില്ലി: അസദുദ്ദീന്‍ ഒവൈസിക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ആരുടെയും മതവികാരത്തെ ഹനിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗി പറഞ്ഞു. ഒവൈസിക്കെതിരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കാനാവാത്തതാണ്. അത് അംഗീകരിക്കാനുമാവില്ല. ജനാധിപത്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് ബാലറ്റിലാണ്. അല്ലാതെ വെടിയുണ്ടകളില്‍ അല്ല. ഇത്തരം സംഭവങ്ങളെ അതുകൊണ്ട് അംഗീകരിക്കാനാവില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടാവും. എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ശക്തമായി നടപടികള്‍ അക്രമികള്‍ക്കെതിരെ ഉണ്ടാവുമെന്നും യോഗി ഉറപ്പ് നല്‍കി.

അതേസമയം എല്ലാ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണം വളരെ സൂക്ഷിച്ച് നടത്തണം. ആരുടെയും മതവികാരം ഹനിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. വോട്ടുബാങ്കിനായി ആരുടെയും വിശ്വാസത്തെ തൊട്ട് കളിക്കരുത്. അത് പ്രകോപനപരമായ തിരിച്ചടികള്‍ക്ക് കാരണമാകുമെന്നും യോഗി പറയുന്നു. ഒവൈസിക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വൈപ്ലസ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിപാടികള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാരിന് അറിയുമായിരുന്നില്ല. അദ്ദേഹം പോകുന്ന വഴിയും അറിയുമായിരുന്നില്ലെന്ന് യോഗി വ്യക്തമാക്കി. അതുകൊണ്ടാണ് സുരക്ഷയില്‍ ധാരണയില്ലാതെ പോയതെന്നും യോഗി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രചാരണത്തിന് ശേഷം ദില്ലിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഒവൈസിയുടെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. തനിക്ക് കേന്ദ്രത്തിന്റെ സുരക്ഷ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഒവൈസി. തനിക്ക് സെഡ് കാറ്റഗറി സുരക്ഷ വേണ്ട. തനിക്ക് ഈ രാജ്യത്തെ ഒന്നാം നിര പൗരനായിരിക്കുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു. അതേസമയം ബാലറ്റില്‍ വിശ്വസിക്കാതെ വെടിയുണ്ടയില്‍ വിശ്വസിക്കുന്ന ഇവര്‍ ആരാണെന്നും ഒവൈസി ചോദിക്കുന്നു. അംബേദ്കറുടെ ഭരണഘടനയില്‍ അല്ല ഇവര്‍ വിശ്വസിക്കുന്നത് തീവ്രവാദത്തിലാണെന്നും ഒവൈസി പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ തീവ്ര ചിന്താഗതിക്കാരാവുന്നത് ഈ രാജ്യത്തെ തന്നെ അപകടത്തിലാക്കും. വ്യക്തികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നവരെ എന്തുകൊണ്ട് യുഎപിഎ ചുമത്തി ജയിലില്‍ ഇടുന്നത്. ആരെങ്കിലും വിദ്വേഷ പ്രസംഗം നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കില്ല. എന്നാല്‍ ക്രിക്കറ്റ് മത്സരത്തില്‍ പ്രതികരിച്ചാല്‍ ശക്തമായ നടപടി അവര്‍ക്കെതിരെ ഉണ്ടാവും. ഇതാണ് യുഎപിഎയുടെ അവസ്ഥയെന്നും ഒവൈസി പറയുന്നു. രണ്ട് തരം ഇന്ത്യയാണ് ഇന്നുള്ളത്. ഒന്ന് സ്‌നേഹത്തിന്റെയും മറ്റൊരു വെറുപ്പിന്റെയും പേരിലാണ് ഉയര്‍ന്നിരിക്കുന്നത്. എനിക്ക് സുരക്ഷയല്ല.സ്വതന്ത്ര മനുഷ്യനായി ജീവിക്കുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞു.












Click it and Unblock the Notifications