ഇസ്രായേലിന് സംരക്ഷണം, യുദ്ധവിമാനവും യുദ്ധക്കപ്പലുകളും അയച്ച് യുഎസ്; നീക്കം ഇങ്ങനെ
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ച് അമേരിക്ക. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ്സിന്റെ തീരുമാനം. ഇസ്രായേലിനെതിരെ ഇറാനും സഖ്യകക്ഷികളും ഏത് നിമിഷവും ആക്രമണം നടത്താമെന്നാണ് യുഎസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലാകെ സൈനിക സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് യുഎസ്.
ഹമാസിനും ഹിസ്ബുള്ള നേതാക്കള്‍ക്കുമെതിരെ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിന് തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ക്രൂയിസറുകള്‍ അടക്കം യൂറോപ്പ്യന്‍-മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് അധികമായി എത്തിക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍ അടക്കം പശ്ചിമേഷ്യന്‍ മേഖലയിലേക്ക് യുഎസ് എത്തിക്കും. ആക്രമണത്തെ നേരിടാനായി സജ്ജമായിരിക്കുകയാണ് ഇസ്രായേലും യുഎസ്സും. അതിന്റെ ഭാഗമായി പ്രതിരോധ കരുത്ത് വര്‍ധിപ്പിക്കാന്‍ ഇസ്രായേലിനെ സഹായിച്ചിരിക്കുകയാണ് യുഎസ്. വ്യാഴാഴ്ച്ച ഉച്ചയോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
മേഖലയിലെ പുതിയ സൈനിക വിന്യാസത്തെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഇരുവരും അറിയിച്ചത്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ ഇറാന്‍ ഇസ്രായേലിനെതിരെ പ്രയോഗിച്ച മിസൈലുകളെല്ലാം യുഎസ് സേനകളാണ് പ്രതിരോധിച്ചത്. ഇവയൊന്നും ഇസ്രായേലിന്റെ മണ്ണില്‍ പതിക്കാതെ സംരക്ഷിച്ചിരുന്നു യുഎസ് സേന.
തെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഹനായേനെ ഇസ്രായേല്‍ വധിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായിരിക്കുന്നത്. മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഫുവാദ് ഷുക്കൂറിനെയും വധിച്ചിട്ടുണ്ട്. ഇത് മേഖലയില്‍ വലിയ യുദ്ധത്തിന് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. മിഡില്‍ ഈസ്റ്റിലേക്ക് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എയര്‍ക്രാഫ്റ്റ് ക്യാരിയറും അയക്കാന്‍ യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎസ് തിയോഡോര്‍ റൂസ്വെല്‍റ്റിന് പകക്കാരനായിട്ടാണ് ഇവയെത്തുക. നിലവില്‍ ഗള്‍ഫ് ഓഫ് ഒമാനിലാണ് ഇവ ഉള്ളത്. ഇവയെ അടുത്ത വര്‍ഷം വരെ ഇവിടെ സ്ഥിരമായി ഉപയോഗിക്കും. ഇറാന്‍ അടക്കമുള്ള ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇസ്രായേലിന് എല്ലാ വിധത്തിലുള്ള സുരക്ഷയും യുഎസ് നല്‍കുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്.
നേരത്തെ പെന്റഗണ്‍ വക്താവ് സബ്രീന സിംഗ് പ്രതിരോധ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചിരുന്നു. മേഖലയിലെ യുഎസ് സൈന്യത്തിന് അടക്കം സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. അധികമായി കപ്പലുകളും, യുദ്ധവിമാനങ്ങളുമെല്ലാം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രമേഖയില്‍ അടക്കം വലിയ സൈനിക സാന്നിധ്യം യുഎസ്സിനുണ്ട്. നിരവധി യുദ്ധവിമാനങ്ങളും ഇവിടെയുണ്ട്.












Click it and Unblock the Notifications