എവറസ്‌റ്റ് കൊടുമുടിയുടെ ടിബറ്റൻ ഭാഗത്ത് ഹിമപാതം; ആയിരത്തോളം പേർ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
ശ്രീനഗർ: ടിബറ്റിലെ എവറസ്‌റ്റ് കൊടുമുടിയുടെ കിഴക്കൻ ചരിവിലുണ്ടായ ഹിമപാതത്തിൽ ഏകദേശം 1000 പേർ വിവിധ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജിമു ന്യൂസിലെ ഒരു റിപ്പോർട്ട് പ്രകാരം, 4900 മീറ്ററിൽ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന മഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്നതിന് നൂറുകണക്കിന് പ്രാദേശിക വ്യക്തികളെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. പർവതത്തിലെ ചില വിനോദസഞ്ചാരികളെ ഇതിനകം മലയിറക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വെള്ളിയാഴ്‌ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്‌ച ഇന്നലെ മുഴുവൻ തുടർന്നുവെന്ന് പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനിയുടെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടുകളിലെ അറിയിപ്പുകൾ വ്യക്തമാക്കുന്നു. എവറസ്‌റ്റ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്‌ച വൈകുന്നേരം മുതൽ നിർത്തിവച്ചതായി കമ്പനി അറിയിച്ചു.
അതിനിടെ നേപ്പാളിലെ അതിർത്തിക്കപ്പുറത്ത്, കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യവും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. നേപ്പാളിലെ പ്രകൃതി ക്ഷോഭത്തിൽ വെള്ളിയാഴ്‌ച മുതൽ റോഡുകൾ തടസപ്പെട്ടിരിക്കുകയാണ്. പാലങ്ങൾ അപ്പാടെ ഒലിച്ചു പോയി, കുറഞ്ഞത് 47 പേർ എങ്കിലും പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടുവെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഇലാം ജില്ലയിൽ വെവ്വേറെ മണ്ണിടിച്ചിലുകളിൽ മുപ്പത്തിയഞ്ച് പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതിനെ തുടർന്ന് ഒമ്പത് പേരെ കാണാതായതായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇടിമിന്നലിൽ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
നേപ്പാളിലെ ഏഴ് പ്രവിശ്യകളിൽ അഞ്ചെണ്ണമായ കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നിവിടങ്ങളിൽ മൺസൂൺ സജീവമാണ്. രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാൾ സൈന്യം, നേപ്പാൾ പോലീസ്, എപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. അയൽരാജ്യത്തിന് സഹായം വാഗ്ദാനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
വെള്ളിയാഴ്‌ച രാത്രി മുതൽ നേപ്പാളിലുടനീളം മഴ പെയ്യാൻ കാരണമായ കാലാവസ്ഥാ രീതി ഇപ്പോൾ നേപ്പാളിന്റെ കിഴക്കൻ ഭാഗത്തേക്ക് മാറിയിരിക്കുകയാണ്. തുടർച്ചയായ മഴയെത്തുടർന്ന് ഇവിടം റെഡ് സോണിൽ നിലനിർത്തിയിട്ടുണ്ട്. അതിനാൽ തന്നെ മേഖലയിൽ കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുമോ എന്നത് വരും മണിക്കൂറുകളിൽ മാത്രമേ അറിയാൻ കഴിയൂ.
സമാനമായി ഇന്ത്യയിലും പ്രകൃതി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രശസ്‌തമായ ഹിൽ സ്‌റ്റേഷനും ടൂറിസം കേന്ദ്രവുമായ ഡാർജിലിംഗിൽ ഇതുവരെ 20 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ നേപ്പാളിന് സമാനമായ രീതിയിൽ തന്നെയാണ് പ്രകൃതിദുരന്തം ആഞ്ഞടിച്ചത്.












Click it and Unblock the Notifications