ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി; 35 പേർക്ക് ദാരുണാന്ത്യം, 43 പേർക്ക് പരിക്ക്, ഡ്രൈവർ പിടിയിൽ
ബീജിംഗ്: ചൈനയിൽ സ്‌പോർട്‌സ് സെന്ററിന് സമീപം വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഇടിച്ചുകയറി 35 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 43 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ചൈനയിലെ സുഹായിലാണ് അപകടം നടന്നത്. 62 വയസുകാരനായ ഡ്രൈവറെ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിലവിൽ ഇതൊരു അപകടമാണോ അല്ലെങ്കിൽ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.നഗരത്തിൽ വർഷം തോറും പീപ്പിൾസ് ലിബറേഷൻ ആർമി ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ പ്രധാന വ്യോമയാന പ്രദർശനം നടക്കുന്നതിന്റെ തലേദിവസമാണ് സംഭവം നടന്നത്. അതുകൊണ്ട് തന്നെയാണ് കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്ന സംശയം ഉയരുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം നിരവധി പേർ സമീപത്തെ റോഡിൽ കിടക്കുന്ന നിലയിലായിരുന്നു കാണാൻ കഴിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെ പരിക്കേറ്റ് കിടക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി ആംബുലസുകൾ സ്ഥലത്തേക്ക് കുതിച്ചെത്തുന്നതും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതും കാണാമായിരുന്നു.
പാതയോരത്ത് വ്യായാമത്തിൽ ഏർപ്പെട്ട് കൊണ്ടിരുന്ന ആളുകളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സാധാരണയായി നൂറു കണക്കിന് ആളുകൾ തിടിച്ചുകൂടുന്ന മേഖലയാണ് ഇത്. വ്യായാമം ചെയ്യാനും വിവിധ വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കാനുള്ള പ്രധാന കാരണം.
നടക്കാനും ഓടാനും ഒക്കെ സൗകര്യമുള്ള ട്രക്കുകൾ, ഫുട്‍ബോൾ മൈതാനങ്ങൾ, ഡാൻസിംഗ് സെന്ററുകൾ എന്നിവയാണ് ഇവിടെ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ അപകടത്തിന് പിന്നാലെ സ്ഥലത്തേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്. നിലവിൽ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ചൈനയിലെ ഏറ്റവും വലിയ വാർഷിക വ്യോമ പ്രദർശനം ഈ ആഴ്‌ച സുഹായിൽ നടത്തുന്നത്. അതിൽ ആദ്യമായി ഒരു പുതിയ സ്‌റ്റെൽത്ത് ജെറ്റ് യുദ്ധവിമാനം പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവിടെ പ്രൗഢ ഗംഭീരമായ ചടങ്ങ് നടക്കുന്നതിനാൽ തന്നെ പ്രദേശത്ത് കർശന സുരക്ഷയാണ് ഒരുക്കിയത്.
നിലവിൽ അപ്രതീക്ഷിതമായ ഉണ്ടായ അപകടത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മേഖല. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്‌തു എന്നാണ് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയെന്നും സൂചനയുണ്ട്.












Click it and Unblock the Notifications