'ഇറാനിലെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ല, അവർ ഇങ്ങോട്ട് ആദ്യം ആക്രമിച്ചേനെ'; ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറാനെ ഇസ്രായേൽ ആക്രമിക്കാൻ ഒരുങ്ങുന്നത് കൊണ്ടാണ് യുഎസ് കൂടി പ്രവർത്തിച്ചതെന്ന വാദങ്ങളെ പാടേ തള്ളി ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കവെ, യുഎസ് നീക്കത്തിന് ഇസ്രായേലിൻ്റെ ആക്രമണ പദ്ധതികളാണ് പ്രേരിപ്പിച്ചതെന്ന വാദം ട്രംപ് നിഷേധിക്കുകയായിരുന്നു. 'ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ ഇങ്ങോട്ട് ആക്രമിച്ചേനെ. എനിക്കതിൽ ശക്തമായ ബോധ്യമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.
താനാണ് സംഭവങ്ങൾക്ക് വേഗത നൽകിയതെന്ന് ട്രംപ് സൂചിപ്പിച്ചു. 'ഞാൻ ഒരുപക്ഷേ ഇസ്രായേലിന്റെ കൈകളെ നിർബന്ധിതനാക്കിയത് ആകാം. ഇസ്രായേലും ഞങ്ങളും ഒരുപോലെ തയ്യാറായിരുന്നു. ശേഷികൾ തകർത്ത് മിസൈൽ ശേഖരം കുറയ്ക്കാനായി ഇടപെട്ടു' അദ്ദേഹം പറഞ്ഞു. ഇറാന്റെ നീക്കങ്ങളെ തടയാനുള്ള മുൻകരുതലായ, നിർണായക നടപടിയായി ഈ ആക്രമണങ്ങളെ താൻ കാണുന്നുവെന്ന് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേൽ ഇറാനെതിരെ ഏകപക്ഷീയ സൈനിക നീക്കത്തിന് ഒരുങ്ങുന്നതിനാലാണ് പ്രസിഡന്റ് ആക്രമണം നടത്തിയതെന്ന് മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണങ്ങൾ. ഇസ്രായേൽ സ്വതന്ത്രമായി നീങ്ങാൻ ഒരുങ്ങുന്നുവെന്ന റൂബിയോയുടെ പരാമർശം മാറ്റിയെഴുതാനാണ് ട്രംപിന്റെ നീക്കം. ബോധപൂർവവും മുൻകരുതലോടെയുമുള്ള യുഎസ് തീരുമാനമായി ഇതിനെ ട്രംപ് അവതരിപ്പിക്കുന്നു.
മാത്രമല്ല മേഖലയിലെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന് ട്രംപ് സൂചന നൽകി. 'ഇറാനിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം, പക്ഷെ ആദ്യം സൈന്യത്തെ ഇല്ലാതാക്കണം' എന്ന് വിശദാംശങ്ങൾ നൽകാതെ അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് കൂടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ വിട്ടുകൊടുക്കാൻ ഇറാനും തയ്യാറല്ല. ഇറാൻ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ വാർത്താ ഏജൻസികൾ ഉദ്ധരിച്ച റെവല്യൂഷണറി ഗാർഡ്‌സ് ഉദ്യോഗസ്ഥൻ, പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ എല്ലാ പ്രാദേശിക സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിടും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതുപോലെ പ്രധാന സഖ്യകക്ഷികളെക്കുറിച്ച് ട്രംപ് സമ്മിശ്ര വിലയിരുത്തലുകളാണ് പങ്കുവച്ചത്. ഇറാൻ വിഷയത്തിൽ ജർമ്മനി മികച്ച നിലപാടാണ് എടുത്തതെന്നും യുകെയെക്കുറിച്ച് താൻ അത്ര സന്തോഷവാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
എണ്ണവിലയിലെ വർധന താൽക്കാലികമാവുമെന്നും ഇറാനിയൻ നടപടികൾ അവസാനിച്ചാൽ അത് താനേ കുറയുമെന്നും അദ്ദേഹം പ്രവചിച്ചു. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും പിന്നോട്ടില്ലെന്ന് തന്നെയാണ് ട്രംപിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. അങ്ങനെയെങ്കിൽ യുദ്ധം ഇനിയും നീളാനാണ് സാധ്യത. എന്നാൽ ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ധി സംഭാഷണത്തിനായി തീവ്ര ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications