പാകിസ്താനില്‍ ശക്തമായ ഭൂകമ്പം; നിരവധി മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു
ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചു. 200ലധികം പേര്‍ക്ക് പരിക്കുണ്ട്. തെക്കന്‍ പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഭൂകമ്പം. റിക്ടര്‍ സ്‌കൈലില്‍ 5.7 ആണ് തീവ്രത രേഖപ്പെടുത്തിയത്. 20 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. അതേസമയം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആളുകള്‍ ഉറങ്ങിക്കിടക്കവെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചലനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുമരുകളും മേല്‍ക്കൂരകളും വീണതിനെ തുടര്‍ന്നാണ് കൂടുതല്‍ പേരും മരിച്ചത്. ഭൂകമ്പത്തിന് പിന്നാലെ വൈദ്യുതി ബന്ധം തകരാറിലായി. ഇതോടെ ആശുപത്രികളില്‍ പരിശോധന നടത്താനാകാതെ വന്നു. ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കിയത്. മലയോര നഗരമായ ഹര്‍ണായിലാണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടേക്ക് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കിയിരിക്കുകയാണ്. മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. 20 മരിച്ചുവെന്നാണ് ഇതുവരെ ലഭിച്ച വിവരമെന്ന് ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി മിര്‍ സിയാവുല്ല പറഞ്ഞു.
മരിച്ചവരില്‍ ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്‍പ്പെടുമെന്ന് പ്രവിശ്യാ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുഹൈല്‍ അന്‍വര്‍ ഹാശ്മി പറഞ്ഞു. 200ലധികം പേര്‍ക്ക് പരിക്കേറ്റെന്നും പലരുടെയും നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്. മരുന്നുകളും മറ്റു അവശ്യ സാധനങ്ങളും എത്തിക്കുകയാണ്. ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഹാശ്മി പറഞ്ഞു. 20 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂകമ്പം ബാധിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ചലനം റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലും ചലനമുണ്ടായി.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
മരണ സംഖ്യ ഉയരുമെന്ന് ബലൂചിസ്താന്‍ പ്രവിശ്യാ ദുരന്ത നിവാരണ വകുപ്പ് മേധാവി നസീര്‍ നാസര്‍ പറഞ്ഞു. നേരം വെളുക്കുംവരെ ആശുപത്രി ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായത് കാരണം അവര്‍ ടോര്‍ച്ച്, മൊബൈല്‍ വെളിച്ചത്തിലാണ് അതുവരെ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനം കുറവുണ്ട്. മരുന്നുകളും മറ്റും എത്തിക്കുന്നുണ്ടെന്നും നസീര്‍ നാസര്‍ പറഞ്ഞു. നിസാര പരിക്കുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം മടക്കി അയച്ചു. 40 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവധിയിലുള്ള എല്ലാ ജീവനക്കാരോടും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളോടും സജ്ജമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ണായിലെ സര്‍ക്കാര്‍ ആശുപത്രി മേധാവി സഹൂര്‍ തരിന്‍ പറഞ്ഞു.












Click it and Unblock the Notifications