പ്രവാസ ലോകത്ത് പുതിയ 'അഫ്ഗാന്‍ സര്‍ക്കാര്‍' രൂപീകരിച്ച് രാജ്യം വിട്ട മുന്‍ ഉദ്യോഗസ്ഥര്‍; സാലെ നയിക്കും
കാബുള്‍: പ്രവാസി അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരിച്ച് രാജ്യം വിട്ട ഉന്നത ഉദ്യോഗസ്ഥര്‍. മുൻ ഉപരാഷ്ട്രപതി അംറുല്ല സാലെയുടെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വിട്ട ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. സ്വിസ് അഫ്ഗാൻ എംബസി പുറത്തുവിട്ട പ്രസ്താവനയിലാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ മാത്രമാണ് അഫ്ഗാനിസ്ഥാന്റെ നിയമാനുസൃതമായ സർക്കാർ. ജനങ്ങളുടെ വോട്ടിനാൽ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായിരുന്നു അഫ്ഗാനിലേത്. നിയമാനുസൃതമായ ഒരു സർക്കാരിനെ വോട്ടെടുപ്പിലൂടെയല്ലാതെ മാറ്റിസ്ഥാപിക്കാൻ മറ്റൊരു സർക്കാരിനും കഴിയില്ലെന്നെന്നും ഖാമാ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

"അഷ്റഫ് ഗനിയുടെ രക്ഷപ്പെടലിനും അഫ്ഗാൻ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ക്കും ശേഷം അദ്ദേഹത്തിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലിഹ് രാജ്യത്തെ നയിക്കും,"- പ്രസ്താവനയില്‍ പറയുന്നു. ബാഹ്യ ഘടകങ്ങളാൽ അഫ്ഗാനിസ്ഥാൻ കൈവശപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം അഫ്ഗാൻ സർക്കാരിന്റെ ചരിത്രപരമായ ഉത്തരവാദിത്തത്തെ അടിസ്ഥാനമാക്കി പ്രവാസത്തിൽ നിന്നുകൊണ്ട് ഒരു സർക്കാർ പ്രഖ്യാപിക്കാൻ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
സർക്കാരിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ, ലെജിസ്ലേറ്റീവ് എന്നീ മൂന്ന് അധികാര കേന്ദ്രങ്ങള്‍ ഉടൻ പ്രവർത്തിച്ച് തുടങ്ങും. അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ മുന്നണിയായ പഞ്ച്ഷിർ പ്രതിരോധ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും അഫ്ഗാനിസ്ഥാനിലെ എല്ലാ എംബസികളും കോൺസുലേറ്റുകളും സാധാരണപോലെ പ്രവർത്തിക്കുമെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു. അതേസമയം തന്നെ, പ്രവാസി സര്‍ക്കാറിനും പിന്നില്‍ ഏതൊക്കെ നേതാക്കള്‍ ഉണ്ടെന്ന കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല.
അതേസമയം, ഈ മാസം ആദ്യത്തോടെ തങ്ങളുടെ പുതിയ സര്‍ക്കാറിനെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആണ് പ്രധാനമന്ത്രി. താലിബാന്റെ സഹസ്ഥാപകന്‍ അബ്ദുല്‍ ഗനി ബറാദര്‍ ആണ് ഉപമുഖ്യമന്ത്രി. ആമിര്‍ ഖാന്‍ മുത്തഖിയാണ് വിദേശകാര്യ മന്ത്രി. രാഷ്ട്രീയകാര്യ മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സായി വിദേശകാര്യ സഹമന്ത്രിയാകുമ്പോള്‍. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബ് ആണ് പ്രതിരോധ മന്ത്രി.
Recommended Video
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: നരഭോജി കടുവ കുടുങ്ങിയില്ല, പട്ടാപ്പകല്‍ വീട്ടുമുറ്റത്ത്, ആടിനെ പിടിച്ചു, ഭീതിയൊഴിയാതെ നാട്ടുകാര്‍












Click it and Unblock the Notifications