വമ്പൻ സ്വർണ നിക്ഷേപം കണ്ടെത്തി ഈ രാജ്യം ; ഒരു ടണ്ണിൽ 11.88 ഗ്രാം സ്വർണം
സൌത്ത് അമേരിക്കൻ രാജ്യമായ സുരിനാമിന്റെ തെക്കുകിഴക്കൻ മേഖലയിൽ വൻ തോതിലുള്ള സ്വർണ നിക്ഷേപം കണ്ടെത്തി. മരിയ ജെറാൾഡ എന്ന സ്ഥലത്ത് ഉയർന്ന ഗ്രേഡിലുള്ള സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. ഈ സ്ഥലത്ത് ഒരു ടണ്ണിന് 11.88 ഗ്രാം സ്വർണ്ണമടങ്ങിയ 22.5 മീറ്റർ നീളമുള്ള ഭാഗം ഡ്രിൽ പരിശോധനയിലൂടെ വേർതിരിച്ചെടുക്കാൻ സാധിച്ചതായി ഫൗണ്ടേഴ്സ് മെറ്റൽസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്,. സാധാരണ സ്വർണ്ണ ഖനന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന നിലവാരത്തേക്കാൾ (ഒരു ടണ്ണിന് 1 മുതൽ 2 ഗ്രാം വരെ) വളരെ കൂടിയ അളവാണിത്.
മരിയ ജെറാൾഡ സ്വർണ്ണ ഖനന പദ്ധതി സുരിനാമിലെ ആന്റിനോ ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ്. കോടാനുകോടി വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട പുരാതന ഗയാന ഷീൽഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പാലിയോപ്രോട്ടെറോസോയിക് കാലഘട്ടത്തിലെ വലിയ ഭൂകമ്പനങ്ങളെ തുടർന്ന് ഇവിടെ പാറകളിൽ വിള്ളലുകളും പാളികളും രൂപപ്പെട്ടു. പാറകൾ പൊട്ടിയതോടെ (ഡക്ടൈൽ ഷിയർ, ബ്രിട്ടിൽ ഫ്രാക്ചറുകൾ) രൂപപ്പെട്ട പ്രകൃതിദത്ത ഘടനകൾ ക്വാർട്സ് സിരകൾക്ക് ജന്മം നൽകി. ഈ സിരകളിൽ സ്വർണ്ണം കാലക്രമേണ അടിഞ്ഞുകൂടി തങ്ങിനിൽക്കും. അടുത്തിടെ മെക്കാനിക്കൽ ഓഗർ ഡ്രില്ലിംഗ് വഴി നടത്തിയ പഠനത്തിൽ ഭൂമിക്കടിയിലെ ഘടനയുടെ വിശദമായ 3D മോഡൽ നിർമ്മിക്കാൻ സഹായിച്ചു. ഇതിലൂടെ സ്വർണത്തിൻ്റേയും സൾഫൈഡ് ധാതുക്കളുടെയും സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു.

സുരിനാമിലെ സ്വർണ്ണ നിക്ഷേപങ്ങൾക്ക് രൂപം നൽകിയ പുരാതന ഊറോജെനി പ്രക്രിയ
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ പുരാതന ശിലാ മേഖലകളിലൊന്നാണ് ഗയാന ഷീൽഡ്. സുരിനാം, ഗയാന, ഫ്രഞ്ച് ഗയാന, വെനസ്വേല, വടക്കൻ ബ്രസീൽ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചുകിടക്കുന്നു.
ഈ മേഖലയിലെ പാറകൾ പ്രധാനമായും പ്രാചീന അഗ്നിപർവത പ്രവർത്തനങ്ങളിലൂടെയും അവശിഷ്ടങ്ങളിലൂടെയും രൂപപ്പെട്ട ഗ്രീൻസ്റ്റോൺ ബെൽറ്റുകളാണ്. സ്വർണ്ണത്തിന്റെ സമ്പന്നമായ ഉറവിടങ്ങളാണിവ; അതുകൊണ്ടുതന്നെ വലിയ സ്വർണ്ണ ശേഖരങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള പ്രദേശങ്ങളാണിത്.
ഏകദേശം 218 കോടി മുതൽ 207 കോടി വർഷം മുൻപ് നടന്ന ട്രാൻസ്-ആമസോണിയൻ ഊറോജെനി എന്ന സുപ്രധാന ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണ് ഈ പ്രദേശത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചത്. ഈ പ്രതിഭാസം പാറകളിൽ നിരവധി ഭ്രംശങ്ങളും വിള്ളലുകളും സൃഷ്ടിച്ചു. ഈ ഭ്രംശങ്ങളും വിള്ളലുകളും സ്വർണ്ണം വഹിച്ചുകൊണ്ടുവന്ന ചൂടുള്ള ദ്രാവകങ്ങൾക്ക് പാറകളിലൂടെ ഒഴുകി നീങ്ങാൻ പാതകളായി വർത്തിച്ചു. ദീർഘകാലത്തെ ഈ പ്രകൃതിദത്ത പ്രക്രിയ സ്വർണ്ണ നിക്ഷേപങ്ങൾ രൂപപ്പെടുന്നതിന് കാരണമായി.
സുരിനാമിൻ്റെ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയാണ് സ്വർണ്ണ ഖനനം. വലിയ കയറ്റുമതി വരുമാനവും സർക്കാരിന് കാര്യമായ നികുതിയും ഇതിലൂടെ ലഭിക്കുന്നുണ്ട്. വർഷങ്ങളായി, മറോവിൻ ഗ്രീൻസ്റ്റോൺ ബെൽറ്റിലെ വിവിധ പ്രദേശങ്ങളിൽ ചെറുകിട സ്വർണ്ണ ഖനനം സജീവമാണ്. എന്നാൽ, സമീപകാലത്താണ് മരിയ ജെറാൾഡ പോലുള്ള ഭാഗങ്ങളിൽ വൻകിട കമ്പനികൾ വലിയ ഓപ്പൺ പിറ്റ് ഖനനം ആരംഭിച്ചത്.
മരിയ ജെറാൾഡ പോലുള്ള സ്ഥലങ്ങളിലെ വലിയ, ഉയർന്ന നിലവാരമുള്ള സ്വർണ്ണ നിക്ഷേപങ്ങളുടെ കണ്ടെത്തൽ സുരിനാമിന്റെ ഭാവി സമ്പദ്വ്യവസ്ഥയ്ക്ക് അതീവ നിർണായകമാണ്. ഇത് മികച്ച റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള വികസനങ്ങൾക്ക് വഴിയൊരുക്കും. വിദൂര ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മേഖലയ്ക്ക് കഴിയും.












Click it and Unblock the Notifications